ജീവനോടെ രണ്ടു ദിവസം മോര്‍ച്ചറിയിലെ ഫ്രീസറില്‍; യുവാവിനെന്തു സംഭവിച്ചു?
അപകടത്തില്‍പെട്ട ഡര്‍ബന്‍ സ്വദേശിയായ യുവാവിന്‍റെ ശരീരം ജീവനോടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് രണ്ടു ദിവസം.
ഡര്‍ബന്‍: മരിച്ചു മൂന്നു ദുവസങ്ങള്‍ക്കു ശേഷം കല്ലറയില്‍ നിന്നും ജീവനോടെ തിരിച്ചു വന്ന ലാസറിനേപ്പോലെയായിരുന്നു ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ സിസി കിസെയുടെ അവസ്ഥയും. പക്ഷെ രണ്ടു ദിവസത്തിനു ശേഷം പുറത്തു വന്നതു കല്ലറയില്‍ നിന്നല്ല ശീതീകരിച്ച മോര്‍ച്ചറിയില്‍ നിന്നായിരുന്നെന്നു മാത്രം. രണ്ടു ദിവസത്തിനു ശേഷം ആ ശരീരത്തില്‍ ജീവന്റെ തുടിപ്പു തിരിച്ചറിഞ്ഞെങ്കിലും മരണം സിസിയെ വിട്ടകന്നില്ല.
കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച സിസിക്ക് ആവശ്യമായ പ്രാഥമീക ചികിത്സ ലഭിച്ചില്ല. മരണം സ്ഥിരീകരിച്ച് മെഡിക്കല്‍ ഉദ്യോഗസ്ഥന്‍ സിസിയുടെ ശരീരം മോര്‍ച്ചറിയിലേക്കു മാറ്റി.

മരണത്തിലേക്കു നടന്ന സിസി
ഡര്‍ബന്‍ നഗരത്തിലെ സമീപ പട്ടണമായ ക്വാ മസുവിലൂടെ രാത്രി വൈകി നടന്നു പോവുകയായിരുന്ന സിസി കിസെയെ അതിവേഗതയില്‍ എത്തിയ ഒരു കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ സിസിയെ സമീപത്തുള്ള ക്ലിനിക്കില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയില്‍ സിസി മരിച്ചതായി ക്ലിനിക്കിലെ മെഡിക്കല്‍ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സിസിയുടെ ശരീരം ശീതീകരിച്ച മോര്‍ച്ചറിയിലേക്കു മാറ്റി.

മിടിക്കുന്ന ജീവന്റെ തുടിപ്പുകള്‍
രണ്ടു ദിവസത്തിനു ശേഷം ശവ സംസ്‌കാരം ചടങ്ങുകള്‍ക്കായി മൃതദേഹം സ്വീകരിക്കാനെത്തിയ സിസിയുടെ മാതാപിതാക്കളാണ് മകന്റെ ശരീരത്തില്‍ ജീവന്‍ തുടിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സിസിയെ മഹാത്മാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റി.

ജീവന്‍ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമങ്ങള്‍
സിസിയുടെ ശരീരത്തില്‍ ജീവന്റെ മിടിപ്പുകള്‍ അവശേഷിച്ചിരുന്നെങ്കിലും രണ്ടു ദിവസത്തെ മോര്‍ച്ചറി വാസം സിസിയുടെ ആരോഗ്യം ദുര്‍ബലമാക്കിയിരുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ അഞ്ചു മണിക്കൂര്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ സിസിയുടെ ജീവനുവേണ്ടി ശ്രമിച്ചു. എന്നാല്‍ അഞ്ചു മണിക്കൂറിനു ശേഷം സിസി മരണത്തിനു കീഴടങ്ങി. തന്റെ മകനനു സംഭവിച്ച ദുരിതത്തേക്കുറിച്ചു പ്രതികരിക്കാന്‍ സിസിയുടെ പിതാവ് പീറ്ററിന് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല.

അന്വേഷണം നടത്തണം
ഈ വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സിസിയുടെ കുടുംബം രംഗത്തെത്തി. കൃത്യവിലോപം നടത്തിയ ക്ലിനിക്ക് അധികൃതരില്‍ നിന്നും ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം ലഭിക്കണമെന്ന് സിസിയുടെ സഹോദരി ഹ്ലോബിസിലി ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളില്‍ ഒരു രോഗിക്കു വൈദ്യസഹായം ലഭ്യമാക്കുന്ന സുവര്‍ണ മണിക്കൂര്‍ (ഗോല്‍ഡന്‍ അവര്‍) എന്ന ആശയം ഇവിടെ സിസിക്കു നിഷേധിക്കപ്പെട്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ഡോ. റിഷിഗെന്‍ വിറെന്ന ആവശ്യപ്പെട്ടു. അതേ സമയം സിസിയുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍ അഞ്ചു മണിക്കൂര്‍ തീവ്രമായി പരിശ്രമിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ആശുപത്രി അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു.












Click it and Unblock the Notifications