ശക്തരുടെ പട്ടികയില്‍ സോണിയ മൂന്നാമത്
ന്യൂയോര്‍ക്ക്: നിങ്ങള്‍ക്കൊക്കെയല്ലേ എന്നെ വിലയില്ലാതുള്ളൂ, കോട്ടയത്തൊക്കെ എനിക്ക് ഭയങ്കര വിലയാ എന്ന് പറയുന്ന സിനിമാ കഥാപാത്രത്തെ ഓര്‍മയില്ലേ ഇല്ലെങ്കില്‍ ഓര്‍മ വരും, ഈ വര്‍ത്തയൊന്ന് വായിക്കുകയേ വേണ്ടൂ. ദുര്‍ബലനായ പ്രധാനമന്ത്രി എന്ന് ഇന്ത്യയിലെ പ്രതിപക്ഷവും പക്ഷമില്ലാത്തവരും ഉറക്കെയും കോണ്‍ഗ്രസുകാര്‍ പോലും പതുക്കെയും വിളിക്കുന്ന മന്‍മോഹന്‍ സിംഗ് ഫോര്‍ബ്‌സിന്റെ ശക്തരുടെ പട്ടികയില്‍ ഇരുപത്തെട്ടാം സ്ഥാനത്ത് എന്നാണ് വാര്‍ത്ത.
പട്ടിക അനുസരിച്ച് സോണിയാ ഗാന്ധി മന്‍മോഹന്‍ സിംഗിനെക്കാള്‍ ശക്തയാണ്. അത് പിന്നെ ആര്‍ക്കാണ് അറിയാത്തത് എന്ന് ചോദിക്കരുത്. ഫോര്‍ബ്‌സ് പട്ടികയുടെ കാര്യമാണ് ഇവിടെ പറയുന്നത്. ശക്തരുടെ പട്ടികയില്‍ മന്‍മോഹന്‍ സിംഗിന്റെ റാങ്ക് 28 ആണെങ്കില്‍ ഇരുപത്തൊന്നാം സ്ഥാനത്താണ് സോണിയ. വനിതകളുടെ പട്ടികയിലാവട്ടെ മൂന്നാമതും. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍, ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൂസേഫ് എന്നിവര്‍ മാത്രമാണ് സോണിയയ്ക്ക് മുന്നിലുള്ള ശക്തരായ വനിതകള്‍.

യു എസ് പ്രസിഡണ്ട് ബറാക് ഒബാമയെ പിന്തള്ളി റഷ്യയുടെ വ്ളാഡ്മിര്‍ പുടിന്‍ ലോകത്തെ ഏറ്റവും ശക്തനായി. ഇതാദ്യമായാണ് പുടിന്‍ പട്ടികയില്‍ തലപ്പത്തെത്തുന്നത്. സിറിയയിലെ പ്രക്ഷോഭത്തിലെ ഇടപെടലുകളാണ് ഒബാമയെ മറികടന്ന് പുടിനെ മുന്നിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ പത്തില്‍ ഇടം പിടിക്കാനായ ഏക വനിത ജര്‍മന്‍ ചാന്‍സിലറായ മെര്‍ക്കലാണ്. അഞ്ചാമതാണ് ഇവരുടെ സ്ഥാനം. മന്‍മോഹനും സോണിയക്കും ഒപ്പം വ്യവസായ ഭീമന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു ഇന്ത്യക്കാരന്‍. മുപ്പത്തിയെട്ടാം സ്ഥാനത്താണ് അംബാനി.












Click it and Unblock the Notifications