ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്തി കാനഡ: മാർക്ക് കാർണി അടുത്ത പ്രധാനമന്ത്രിയാകും
മാർക്ക് കാർണി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകും. ലിബറല്‍ പാർട്ടിയുടെ അടുത്ത നേതാവായും കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായും മാർക്ക് കാർണിയെ പാർട്ടി പ്രഖ്യാപിച്ചു. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി മുൻ ബാങ്ക് ഓഫ് കാനഡ മേധാവി കാനഡയുടെ ഭരണതലപ്പത്ത് എത്തും. പാർട്ടിക്ക് അകത്തും പുറത്തും നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്നതായി ജസ്റ്റിന്‍ ട്രൂഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നത് വരെ താന്‍ സ്ഥാനത്ത് തുടരുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് പാർട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുകെ, കാനഡ സെൻട്രൽ ബാങ്ക് മുൻ മേധാവിയായി പ്രവർത്തിച്ച മാർക്ക് കാർണിയ വിജയിച്ചതായി ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റ പ്രഖ്യാപിച്ചു. ട്രൂഡോയ്ക്ക് ശേഷം ലിബറൽ പാർട്ടിയുടെ നേതാവാകാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലായിരുന്നു കാർണി. 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായിട്ടാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുള്ളത്. 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.

2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കാനഡയെ പിടിച്ച് നില്‍ക്കാന്‍ സഹായിച്ചതിലൂടെയാണ് കാർണിയ പ്രശസ്തി നേടുന്നത്. താരിഫ് യുദ്ധവുമായി രംഗത്തിറങ്ങിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും വിശ്വസനീയനായ രാഷ്ട്രീയക്കാരനായി ജനം കാർണിയ അംഗീകരിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നു. ട്രംപിനെ ഹാരി പോട്ടർ ചിത്രത്തിലെ എതിരാളിയായ വോൾഡ്‌മോർട്ടിനോട് ഉപമിച്ച വ്യക്തി കൂടിയാണ് കാർണി.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 131674 വോട്ടുകൾ നേടിയാണ് മാർക്ക് കാർണി നേതൃത്വ മത്സരത്തിൽ വിജയിച്ചത്. അതായത് ഏകദേശം 85.9 ശതമാനം ബാലറ്റുകൾ. അദ്ദേഹത്തിന്റെ എതിരാളികളായ ക്രിസ്റ്റിയ ഫ്രീലാൻഡ് 11134 വോട്ടുകൾ നേടിയപ്പോള്‍ കരീന ഗൗൾഡ് 4785 വോട്ടുകളും ഫ്രാങ്ക് ബെയ്‌ലിസ് 4038 വോട്ടുകളും നേടി. ലിബറൽ പാർട്ടി കൺവെൻഷനിൽ പ്രസംഗിക്കുന്നതിനുമുമ്പ്, കാർണിയെ അദ്ദേഹത്തിന്റെ മകൾ ക്ലിയോ കാർണിയ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു.
ഈ വർഷം ആദ്യമായിരുന്നു ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. പാര്‍ട്ടിയുടെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും രാജി എന്നും പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് എന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. 2015 ല്‍ താന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്തേക്കാള്‍ മികച്ച രാജ്യമാണ് കാനഡ. തന്റെ സര്‍ക്കാര്‍ ദാരിദ്ര്യം കുറയ്ക്കുകയും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തു എന്നും അദ്ദേഹം അന്ന് അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications