ശ്രീലങ്കയെ നയിക്കാന്‍ മാർക്സിസ്റ്റ് നേതാവ്: ലീഡ് പിടിച്ച് അനുര കുമാര ദിസനായകെ
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മാർക്സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ലീഡ് ചെയ്യുന്നു. വോട്ടെണ്ണലില്‍ മുന്നിട്ട് നില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും വിജയത്തിന് ആവശ്യമായ 50% വോട്ടെന്ന പരിധിയിലേക്ക് എത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. രണ്ട് വർഷം മുമ്പുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും തുടർന്നുണ്ടായ കലാപത്തില്‍ നിന്നും കരകയറി വരുന്ന ശ്രീലങ്കയെ സംബന്ധിച്ച് ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏറെ നിർണ്ണായകമാണ്.
നാഷണൽ പീപ്പിൾസ് പവർ (എൻപിപി) നേതാവ് അനുര കുമാര ദിസനായകെ 52% വോട്ടുകൾ അതായത്, 727000 വോട്ടുകളാണ് ഇതുവരെ നേടിയത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ 333000 വോട്ടുകൾ (23%) നേടിയപ്പോൾ നിലവിലെ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ 235000 വോട്ടുകളുമായി (16%) ഏറെ പിന്നിലാണ്. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

2022 ലെ ശ്രീലങ്കയുടെ സാമ്പത്തിക തകർച്ചയ്ക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ്. ഏകദേശം 75% പോളിംഗ് രേഖപ്പെടുത്തി. 22 പോസ്റ്റല്‍ ജില്ലകളിൽ 21 എണ്ണത്തിലും നിരവധി പാർലമെൻ്ററി സീറ്റുകളിലും ദിസനായകെയ്ക്ക് മുന്നേറാന്‍ സാധിച്ചു. വിദേശകാര്യ മന്ത്രി അലി സാബ്രിയും പ്രതിപക്ഷ നേതാവ് ഹർഷ ഡി സിൽവയും ദിസനായകെയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
2020 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 3% വോട്ടുകൾ മാത്രമായിരുന്നു ദിസനായകെയുടെ പാർട്ടിക്ക് നേടാന്‍ സാധിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയുടെ "അഴിമതി" രാഷ്ട്രീയ സംസ്കാരം പരിഷ്കരിക്കുമെന്നും തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കുമെന്ന പ്രചാരണ വാഗ്ദാനമാണ് പ്രധാനമായും അദ്ദേഹത്തിന് ലഭിച്ച പിന്തുണയിൽ നിർണ്ണായകമായി മാറിയത്.
22 ജില്ലകളിലെ 13,400 പോളിംഗ് സ്‌റ്റേഷനുകളിലായി ശനിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 4 വരെ നടന്ന തിരഞ്ഞെടുപ്പിൽ 38 സ്ഥാനാർത്ഥികളാണ് ആകെ മത്സരിച്ചത്. ഒരു സ്ഥാനാർത്ഥിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണനാ വോട്ടുകൾ തുടർന്നുള്ള റൗണ്ടുകളിൽ എണ്ണപ്പെടും.
നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദിസനായകെയുടെ പാർട്ടി മാർക്സിസ്റ്റ് ചായ്വുള്ള ജനതാ വിമുക്തി പെരെമുന (ജെവിപി)യാണ്. ജെ വി പി പാർട്ടിക്ക് പാർലമെൻ്റിൽ വെറും മൂന്ന് സീറ്റുകളേ ഉള്ളൂവെങ്കിലും, 55 കാരനായ ദിസനായകെയുടെ കടുത്ത അഴിമതി വിരുദ്ധ നടപടികളും കൂടുതൽ ദരിദ്രർക്ക് അനുകൂലമായ നയങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിച്ചു.
പൊതുതെരഞ്ഞെടുപ്പിൽ തൻ്റെ നയങ്ങൾക്കായി പുതിയ ജനവിധി തേടുന്നതിനായി അധികാരത്തിൽ വന്ന് 45 ദിവസത്തിനുള്ളിൽ പാർലമെൻ്റ് പിരിച്ചുവിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications