ഇറാനിൽ മസൂദ് പെസെസ്കിയാന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റിൽ; പ്രതീക്ഷയോടെ ഇന്ത്യയും
ടെഹ്റാൻ: ഇറാന്റെ പുതിയ പ്രസിഡന്റ് ആയി മസൂദ് പെസെസ്കിയാൻ ഓഗസ്റ്റിൽ സത്യപ്രതിജ്ഞ ചെയ്യും. ഓഗസ്റ്റ് നാലിനോ അഞ്ചിനോ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകളെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
പരമോന്നത നേതാവായ ആയത്തുള്ള ഖമേനിയടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. അധികാരത്തിലേറി 15 ദിവസത്തിനുള്ളിൽ തന്റെ മന്ത്രിമാരെ പ്രസിഡന്റിന് തിരഞ്ഞെടുക്കാം. പരിഷ്കരണവാദിയായ പെസസ്കിയാൻ ഇറാന്റെ ഒൻപതാമത്തെ പ്രസിഡന്റാണ്.

രണ്ടാം ഘട്ട വോട്ടെടുപ്പിലൂടെയാണ് പെസസ്കിയാൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇറാന്റെ ഒൻപതാമത്തെ പ്രസിഡന്റാണ് പെസസ്കിയാൻ.ഇറാന്റെ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ കണക്കനുസരിച്ച് 30 ദശലക്ഷം വോട്ടാണ് രേഖപ്പെടുത്തിയത്. ഇതിൽ 16.3 ദശലക്ഷം വോട്ടാമ് പെസസ്കിയാന് ലഭിച്ചത്. മുഖ്യഎതിരാളിയായും ആണവപദ്ധതിയുടെ മുന്‍വക്താവുമായ സയീദ് ജലീലിക്ക് 13.5 ദശലക്ഷം വോട്ടാണ് നേടാനായത്.
69 കാരനാണ് പെസസ്കിയാൻ ഹൃദയശസ്ത്രക്രിയ വിദഗ്ദനാണ്. ഇറാനിലെ ന്യൂനപക്ഷമായ അസേറി വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ് ഇദ്ദേഹം. 2016 മുതൽ 2020 വരെ ഇറാന്‍റെ ഡെപ്യൂട്ടി സ്‌പീക്കറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2008 മുതൽ തബ്രിസില്‍ നിന്നുള്ള പാർലമെന്‍റ് അംഗമാണ്. 2013 ലും 21 ലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2000-ത്തിന്‍റെ തുടക്കത്തിൽ, മുൻ പ്രസിഡന്‍റ് മുഹമ്മദ് ഖതാമിയുടെ ആരോഗ്യമന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഇറാൻ-ഇറാഖ് യുദ്ധത്തിലും പെസസ്കിയാൻ സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2022ലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയതിനെതിരെ ശബ്ദമുയർത്തിയ നേതാവാണ് ഇദ്ദേഹം. അധികാരത്തിലേറിയാൽ ഹിജാബ് നിർബന്ധമാക്കുന്ന നിയമത്തിൽ ഇളവ് നടപ്പാക്കുമെന്ന് പെസസ്കിയാൻ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആണവ പദ്ധതിയുടെ പേരിലുള്ള ഉപരോധം നീക്കാൻ പാശ്ചാത്യ രാജ്യങ്ങളുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്നും പെസസ്കിയാൻ വ്യക്തമാക്കിയിരുന്നു.
ഇറാന്റെ ആണവപദ്ധതികള്‍ക്കെതിരെ ഇസ്രയേലും മറ്റ് പാശ്ചാത്യലോകവും കടുത്ത എതിർപ്പുയർത്തുന്ന സന്ദർഭത്തിലാണ് പെസസ്കിയാൻ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.ഇറാന്റെ അവസാനവാക്ക് അയത്തൊള്ള ഖമനേനി ആണെങ്കിലും പുതിയ സാഹചര്യത്തിൽ പെസസ്കിയാൻ സ്വീകരിക്കുന്ന നിലപാടുകൾ എന്താകും എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
ഇന്ത്യ-ഇറാൻ ബന്ധത്തെ എങ്ങനെ ബാധിക്കും?
ഇന്ത്യയുമായി എപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ഇറാൻ. പെസസ്കിയാന് കീഴിലും ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധം നിലനിർത്തുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. പെസസ്കിയാന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ദൃഢമാകുമെന്ന പ്രതീക്ഷയും മോദി പങ്കുവെച്ചിരുന്നു.
ക്രൂഡ് ഓയിലിനായി ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത് ഇറാനെയാണ്. കുറഞ്ഞ വിലയ്ക്ക് ഇറാനിൽ നിന്നും കൂടുതൽ ക്രൂഡ് ഓയിൽ സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ കയറ്റുമതി വർധിപ്പിക്കാനായിരിക്കും ഇറാന്റെ നീക്കം. ഇത് ഇന്ത്യക്ക് ഗുണകരമായേക്കും. ഇസ്രായേലിനോടുള്ള പെസസ്കിയാൻ നിലപാടും ഇന്ത്യയുമായുള്ള ബന്ധത്തെ സ്വാധീനിച്ചേക്കും.
ചാബഹാറിലെ തുറമുഖ വികസനം സംബന്ധിച്ച് മേയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരുന്നു.യുഎസ് അടക്കമുള്ള പാശ്ചാത്യശക്തികളുടെ അപ്രീതി തള്ളിയായിരുന്നു നടപടി.തുറമുഖത്തിന്റെ വികസനത്തിനായി ഇരുരാജ്യങ്ങളും ഊന്നൽ നൽകും.












Click it and Unblock the Notifications