ഇറാന്‍ തുറമുഖത്ത് വന്‍ സ്ഫോടനം: 5 പേർ കൊല്ലപ്പെട്ടു; 561 പേർക്ക് പരിക്ക്, അന്വേഷണം തുടങ്ങി
ടെഹ്റാൻ: ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായിലുണ്ടായ വൻ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. അപകടത്തില്‍ 561 പേർക്ക് പരിക്കേറ്റതായും ചെയ്തതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ നിരക്ക് ഉയർന്നേക്കാമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. പരുക്കേറ്റവരെ ഹോർമുസ്ഗാൻ ആശുപത്രികളിലേക്ക് മാറ്റി. ഹോർമുസ്ഗാൻ പ്രവിശ്യയിലെ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായ ഷഹീദ് രജായിയിൽ സിനാ കണ്ടെയ്നർ യാർഡിൽ ശനിയാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്.
കെമിക്കൽ, സൾഫർ അല്ലെങ്കിൽ മിസൈൽ ഇന്ധന ഘടകങ്ങൾ അടങ്ങിയ കണ്ടെയ്നറുകളിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് സൂചന. സ്ഫോടനത്തിന്റെ ശക്തി 50 കിലോമീറ്റർ അകലെ വരെ അനുഭവപ്പെട്ടു. വളരെ ദൂരെയായി സ്ഥിതി ചെയ്യുന്ന ക്വെഷ്‌മ ദ്വീപിൽ പോലും ശബ്ദം കേട്ടുവെന്നും അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തില്‍ ഒരു കെട്ടിടം പൂർണ്ണമായി തകരുകയും നിരവധി കെട്ടിടങ്ങളുടെ ജനാലകൾ തകരുകയും ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ നിലയ ചർച്ചകളുടെ മൂന്നാം റൗണ്ട് ഒമാനിൽ ആരംഭിക്കുന്നതിനിടയിലാണ് സ്ഫോടനം എന്നതും ശ്രദ്ധേയമാണ്.

സ്ഫോടനത്തിന് പിന്നാലെ വലിയ തീഗോളവും കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. 'കണ്ടെയ്നറുകളിലെ കെമിക്കലുകൾ' കാരണമാണ് സ്ഫോടനമെന്ന് ഹോർമുസ്ഗാൻ പ്രവിശ്യയിലെ ക്രൈസിസ് മാനേജ്മെന്റ് ഡയറക്ടർ മെഹ്റ്ദാദ് ഹസൻസാദെ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.
പേർഷ്യൻ ഗൾഫിലെ സ്ട്രെയിറ്റ് ഓഫ് ഹോർമുസിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഷഹീദ് രജായി, വർഷം 80 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യുന്ന ഇറാനിലെ പ്രധാന തുറമുഖമാണ്. ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (ഐ ആർ ജി സി) നാവിക താവളത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തീ അണച്ചത്.
സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയൻ ഉത്തരവിടുകയും ആഭ്യന്തര മന്ത്രിയെ സ്ഥലത്തേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 2020-ൽ ഇസ്രായേൽ നടത്തിയ സൈബർ ആക്രമണം ഈ തുറമുഖത്തിന്റെ പ്രവർത്തനങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ ഡി എഫ്) നിലവിലെ സ്ഫോടനത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications