അമേരിക്കന്‍ ദ്വീപായ ഹവായില്‍ വന്‍ കാട്ടുതീ: 53 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് സാരമായ പരിക്ക്
ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹവായി ദ്വീപില്‍ വന്‍ കാട്ടുതീ. അപകടത്തില്‍ ഇതുവരെ 53 പേർ കൊല്ലപ്പെട്ടുവെന്ന് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഹവായ് ദ്വീപ് സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപിലെ റിസോർട്ട് നഗരമായ ലഹായിനയിലാണ് കാട്ടുതീ പടരുന്നത്. തീയില്‍ നിന്നും ജീവന്‍ രക്ഷിക്കാന്‍ നിരവധിയാളുകള്‍ പസഫിക് സമുദ്രത്തിലേക്ക് ചാടിയതായും റിപ്പോർട്ടുകള്‍ പറയുന്നു.
നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമ്പതിലേറെ ആളുകളെ വിമാനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. വേനൽച്ചൂടിൽ ഉണക്കപ്പുല്ലുകളിൽനിന്നാണു തീ തുടങ്ങിയതെന്നു കരുതുന്നു. നഗരത്തിന് സമീപത്തായി കഴിഞ്ഞ ദിവസം വീശിയടിച്ച് ചുഴലിക്കാറ്റാണ് കാട്ടുതീ പടർന്ന് പിടിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത് അടുത്തായി നൂറുകണക്കിന് വീടുകളും റിസോർട്ടുകളും സ്ഥിതി ചെയ്യുന്ന സ്ഥലാണ് ലഹായിന. ഇവയില്‍ ഏറിയ പങ്കും തടികള്‍കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്. തീ വലിയ തോതില്‍ പടരുന്നതിന് ഇതും ഇടയാക്കി.

ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തെ പല സ്ഥലങ്ങളും പൂര്‍മായും കത്തി നശിച്ച നിലയിലാണ്. തീപ്പടര്‍ന്നതിനു പിന്നാലെ 11,000 ടൂറിസ്റ്റുകളെ ദ്വീപില്‍ നിന്നു ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നാവികസേനയും കോസ്റ്റ്ഗാർഡും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആയിരത്തോളം ഏക്കർ വ്യാപ്തിയില്‍ തീ നാശം വിതച്ചിട്ടുണ്ട്. ഒട്ടേറെപ്പേർ കാണാതായതായിട്ടുണ്ട്. ബിഗ് ഐലൻഡ് പ്രദേശത്തും വ്യാപകനാശമുണ്ട്.
1873 ൽ ഇന്ത്യയിൽനിന്നു കൊണ്ടു വന്ന് നട്ടതും ഇപ്പോൾ വലിയൊരു പ്രദേശം മുഴുവൻ നിറഞ്ഞു നിൽക്കുന്നതുമായ കൂറ്റൻ അരയാലും അഗ്നിബാധയില്‍ കത്തിനശിച്ചു. യുഎസിലെ തന്നെ ഏറ്റവും വലിയ വൃക്ഷങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ മരം സ്ഥിതി ചെയ്തിരുന്ന ഫ്രണ്ട് സ്ട്രീറ്റിന്റെ ഭൂരിഭാഗവും തീയില്‍ അകപ്പെട്ടു. വീടുകൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ കെട്ടിടങ്ങൾ കത്തിയമർന്നു.
പതിനായിരത്തോളം പേർ ഇപ്പോള്‍ ദ്വീപിൽ കുടുങ്ങി കിടക്കുകയാണ്. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. സഞ്ചാരികളോട് ദ്വീപ് വിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി. 80 ശതമാനം തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദ്വീപിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 1961ൽ 61 പേരുടെ മരണത്തിന് ഇടയായ സുനാമിക്ക് ശേഷം മേഖലയിലുണ്ടാവുന്ന ഏറ്റവും വലിയ പ്രകൃതിദുരന്താണ് നിലവിലേത്.












Click it and Unblock the Notifications