കണ്ടുമുട്ടിയത് ഡേറ്റിംഗ് ആപ്പില്‍.. ചിത്രകലയിലൂടെ നിലപാട് വ്യക്തം; ആരാണ് മംദാനിയുടെ പങ്കാളി റാമ ദുവാജി?
ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന സോഷ്യലിസ്റ്റ് ആക്ടിവിസ്റ്റ് സൊഹ്റാന്‍ മംദാനിക്കൊപ്പം അദ്ദേഹത്തിന്റെ ജീവിതപങ്കാളി റാമ ദുവാജിയും ശ്രദ്ധ നേടുന്നു. 33 കാരമായ സൊഹ്‌റാന്‍ മംദാനി ഡേറ്റിംഗ് ആപ്പിലൂടെയാണ് 27 കാരിയായ റാമ ദുവാജിയെ കണ്ടുമുട്ടുന്നത്. ട്രംപിനെതിരെ ഇതിനോടകം ശബ്ദമുയര്‍ത്തി ശ്രദ്ധേയനായ മംദാനിയുടെ പങ്കാളിയും ചില്ലറക്കാരിയല്ല.
പലസ്തീന്‍ അനുകൂല വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാസൃഷ്ടികള്‍ അവതരിപ്പിക്കുന്ന മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റ് ആണ് റാമ ദുവാജി. മംദാനി നവംബറില്‍ മേയര്‍ സ്ഥാനം നേടിയാല്‍ അദ്ദേഹത്തോടൊപ്പം ദുവാജിയുമുണ്ടാകും. സാധാരണയായി പൊതുവേദികളില്‍ വരാറില്ലാത്ത ദവാജി മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയ്ക്കെതിരായ ഡെമോക്രാറ്റിക് പ്രൈമറി വിജയത്തിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം വേദിയില്‍ പ്രത്യക്ഷപ്പെട്ടു.

ഒക്ടോബറില്‍ മംദാനി തന്റെ പ്രചാരണ പരിപാടി ആരംഭിച്ചതിനുശേഷം അവരുടെ അപൂര്‍വ പ്രചാരണങ്ങളില്‍ ഒന്നായിരുന്നു ഇത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ താമസിക്കുന്ന ദുവാജി ഒരു സിറിയന്‍ അമേരിക്കന്‍ ആനിമേറ്ററും ചിത്രകാരിയുമാണ്. ഡമാസ്‌കസില്‍ നിന്നുള്ളയാളാണെന്ന് ഇന്‍സ്റ്റാഗ്രാമിലെ ബയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ 'വംശീയമായി സിറിയന്‍' ആണെന്നും ടെക്‌സസില്‍ ജനിച്ചു എന്നുമാണ് പറയുന്നത്.
ഡേറ്റിംഗ് ആപ്പ് ആയ ഹിഞ്ചില്‍ നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവര്‍ സൊഹ്റാന്‍ മംദാനിയെ കണ്ടുമുട്ടിയത്. 2024 ഡിസംബറില്‍ ദുബായില്‍ ഒരു സ്വകാര്യ വിവാഹനിശ്ചയവും നിക്കാഹ് ചടങ്ങും നടത്തി. തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ന്യൂയോര്‍ക്ക് സിറ്റി ക്ലാര്‍ക്കിന്റെ ഓഫീസില്‍ ഒരു വിവാഹവും നടന്നു. ന്യൂയോര്‍ക്കിലെ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്സില്‍ നിന്ന് ചിത്രീകരണത്തില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ബിരുദം നേടിയ ആളാണ് ദുവാജി.
ലണ്ടനിലെ ദി ന്യൂയോര്‍ക്കര്‍, ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ബിബിസി, ആപ്പിള്‍, സ്പോട്ടിഫൈ, വൈസ്, ടേറ്റ് മോഡേണ്‍ എന്നിവയില്‍ അവരുടെ കൃതികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സഹോദരിത്വം, അറബ് ഐഡന്റിറ്റി, വര്‍ഗീയ അനുഭവം, രാഷ്ട്രീയ പ്രതിരോധം എന്നിവയുടെ തീമുകള്‍ പര്യവേക്ഷണം ചെയ്യാന്‍ താന്‍ വരച്ച ഛായാചിത്രങ്ങള്‍ ഉപയോഗിക്കാറുണ്ട് ം ചലനവും ഉപയോഗിക്കുന്നുവെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു.
ഇസ്രായേല്‍ അക്രമം, വംശീയ ഉന്മൂലനം, യുഎസ് പങ്കാളിത്തം എന്നിവ ഉള്‍പ്പെടെയുള്ള പലസ്തീന്‍ അനുകൂല സന്ദേശങ്ങളിലാണ് അവരുടെ ചിത്രീകരണങ്ങള്‍ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മംദാനി പങ്കിട്ട അവരുടെ ആനിമേഷനുകളിലൊന്ന്, ഇസ്രായേലി യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതായി ആരോപിക്കപ്പെടുന്ന ന്യൂയോര്‍ക്ക് ചാരിറ്റികളെ വിമര്‍ശിക്കുന്നതായിരുന്നു.
ദുവാജിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം 92,000 ഫോളോവേഴ്സ് ഉണ്ട്. അതേസമയം ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായിക കൂടിയായ മീര നായരുടെയും ഇന്ത്യന്‍ വംശജനായ പ്രശസ്ത ഉഗാണ്ടന്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. ഉഗാണ്ടയിലെ കമ്പാലയില്‍ ജനിച്ച് ചെറുപ്പത്തില്‍ തന്നെ അമേരിക്കയിലേക്ക് താമസം മാറി ന്യൂയോര്‍ക്ക് നഗരത്തിലാണ് പിന്നീട് മംദാനി വളര്‍ന്നത്.












Click it and Unblock the Notifications