'പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്': പ്രതികരിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല
മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസപ്പെട്ട സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. പ്രശ്നം പരിഹരിക്കാൻ ക്രൗഡ്‌സ്ട്രൈക്കുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സത്യ നദെല്ല വ്യക്തമാക്കുന്നത്. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്.
ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റ് ലോകമെമ്പാടുമുള്ള ഐടി സംവിധാനങ്ങളെ ബാധിച്ചുവെന്ന് മൈക്രോസോഫ്റ്റ് സിഇഒയും സമ്മതിക്കുന്നു. 'പ്രശ്‌നം പരിഹരിക്കാൻ കമ്പനി ക്രൗഡ്‌സ്ട്രൈക്കുമായി ചേർന്ന് പ്രവർത്തിച്ച് വരികയാണ്" അദ്ദേഹം പറഞ്ഞു. തകരാർ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, സെൻട്രൽ യുഎസ് റീജിയൻ പ്രവർത്തനം പുനരാരംഭിച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു.

"പ്രശ്നം പൂർണ്ണമായി പരിഹരിച്ചുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്." കമ്പനി ഔദ്യോഗിക പോസ്റ്റിലൂടെ വ്യക്തമാക്കി പറഞ്ഞു. വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നതിനോടൊപ്പം സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' സ്ക്രീനില്‍ കാണിക്കുകയും ചെയ്യുന്നതാണ് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നം.
ഇതോടെ ലോകവ്യാപകമായുള്ള വിമാനത്താവളങ്ങള്‍, ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടേയുള്ളവയുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെട്ടു. ട്രെയിന്‍, ഐടി, മാധ്യമസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയേയും തകരാർ ബാധിച്ചിട്ടുണ്ട്. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, യുഎഇ, സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ബുക്കിംഗ് സംവിധാനം തകരാറിലായതോടെ യാത്രക്കാരുടെ നേരിട്ടുള്ള ചെക്ക്-ഇൻ ആണ് നടക്കുന്നത്. ഇതോടെ വിമാനങ്ങള്‍ പുറപ്പെടുന്നത് വൈകി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇഏഴ് വിമാന സര്‍വീസുകളാണ് വൈകിയത്.ബോര്‍ഡിംഗ് പാസിന്റെ കാര്യത്തിലും പ്രശ്‌നങ്ങളുണ്ടായി. വിമാനത്താവളത്തിലെ ജീവനക്കാര്‍ തന്നെ പേന കൊണ്ട് എഴുതിയ ബോഡിംഗ് പാസാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഹൈദരാബാദില്‍ നിന്ന് കൊല്‍ക്കത്തിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഇത്തരത്തില്‍ ബോര്‍ഡിംഗ് പാസ് ലഭിച്ചത്
അതേസമയം, മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാർ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനെ (NIC ) ബാധിച്ചില്ലെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം മൈക്രോസോഫ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സം 10 ബാങ്കുകളെയും എൻബിഎഫ്‌സികളെയും ബാധിച്ചതായി ആർബിഐയും വ്യക്തമാക്കി. പ്രശ്നങ്ങള്‍ പരിഹരിച്ചതോ പരിഹരിക്കപ്പെടുന്നതോ ആണെന്നും ആർബിഐ വ്യക്തമാക്കി.












Click it and Unblock the Notifications