കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ യുഎസ് വിദേശകാര്യ സെക്രട്ടറി സൗദിയില്‍; അറബ് ഐക്യം വേണമെന്ന് ആഹ്വാനം

  • By Desk
Google Oneindia Malayalam News

റിയാദ്: യുഎസ് വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം മൈക്ക് പോംപിയോ സൗദി അറേബ്യയിലേക്ക് നടത്തിയ അദ്ദേഹത്തിന്റെ ആദ്യ വിദേശ പര്യടനത്തില്‍ അറബ് ഐക്യത്തിന് ആഹ്വാനം. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം അനിവാര്യമാണെന്നും നാം അത് നേടിയെടുക്കണമെന്നും മൈക്ക് പോംപിയോ പറഞ്ഞത്. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന കഴിഞ്ഞ ജൂണില്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

വിദേശകാര്യ സെക്രട്ടറിയുടെ സൗദി സന്ദര്‍ശന വേളയില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സൗദി കിരീടാവകാശിയെ പ്രേരിപ്പിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഉപരോധത്തിന്റെ തുടക്കത്തില്‍ സൗദി അനുകൂല നിലപാട് സ്വീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പിന്നീട് ഉപരോധത്തിനെതിരായ നിലപാടിലേക്ക് മാറുകയായിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സൗദിയുടെയും സഖ്യകക്ഷികളുടെയും നിലപാടുകളാണ് തടസ്സം നില്‍ക്കുന്നതെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.

 pompeo-saudi

ഖത്തര്‍ ഉപരോധത്തെ തുടര്‍ന്നുണ്ടായ ഗള്‍ഫ് അനൈക്യം ഇറാന്‍ മുതലെടുക്കുകയാണെന്നാണ് അമേരിക്കയുടെ നിലപാട്. യമന്‍, സിറിയ എന്നിവിടങ്ങളില്‍ ഇറാനെ ഇടപെടാന്‍ സഹായിച്ചത് അറബ് രാജ്യങ്ങള്‍ക്കിടയിലെ അനൈക്യമാണെന്നും അവര്‍ കരുതുന്നു. ഇറാന്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കയുടെയും സൗദിയുടെയും കാഴ്ചപ്പാടുകള്‍ സമാനമാണെന്നും പോംപിയോവുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. ഇറാനെതിരേ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗദിക്കെതിരേ ഹൂത്തികള്‍ ശനിയാഴ്ച നടത്തിയ മിസൈലാക്രമണത്തില്‍ ജിസാനില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആദ്യ വിദേശസന്ദര്‍ശനത്തിനായി പോംപിയോ റിയാദിലെത്തിയത്. ഹൂത്തികള്‍ക്ക് മിസൈല്‍ നല്‍കുന്നത് ഇറാനാണെന്നാണ് സൗദിയുടെയും അമേരിക്കയുടെയും ആരോപണം.

English summary
US Secretary of State Mike Pompeo has called for unity in the Gulf region during a visit to Saudi Arabia, his first foreign trip in his new role as the US' top diplomat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X