യെമനിലെ സൈനിക നടപടി;തന്നേയും സമൂഹമാധ്യമ ഗ്രൂപ്പിൽ ഉൾപ്പെടുത്തി, വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ
ഹൂതികൾക്കെതിരായ സൈനിക നടപടി ചർച്ച ചെയ്യാൻ രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പിൽ വൈറ്റ് ഹൗസ് അധികൃതർ തന്നേയും ഉൾപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ. അറ്റ്ലാന്റിക് മാഗസിൻ എഡിറ്റർ ആയ ജെഫ്റി ഗോൾഡ്ബെഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്സേത്ത്, വൈസ് പ്രസിഡന്റ് ജെഡി വാൻസേ തുടങ്ങിയ ഉന്നത നേതാക്കൾ അംഗങ്ങളായിരുന്ന ഗ്രൂപ്പിലാണ് തന്നേയും ഉൾപ്പെടുത്തിയതെന്ന് ജെഫ്രി പറഞ്ഞു.

സൈനിക നടപടി ഉണ്ടാകുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഹൂതി പിസി സ്മോൾ എന്ന സാമൂഹി മാധ്യമ ഗ്രൂപ്പിൽ തന്നെ അംഗമാക്കിയത്. വാൻസ് എന്ന വ്യക്തിയുടെ സന്ദേശത്തിൽ പറഞ്ഞത് ഹൂതികൾ ഏറ്റവും കൂടുതൽ നാശങ്ങൾ ഉണ്ടാക്കിയത് യൂറോപ്പിനാണെന്നും അതിനാൽ ഹൂതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ തനിക്ക് താത്പര്യം ഇല്ലെന്നതാണ്. എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സും ഹെഗ്‌സെത്തും വാഷിംഗ്ടണിന് മാത്രമേ യെമനെതിരെ സൈനിക നടപടി കൈക്കൊള്ളാനുള്ള ശക്തിയുള്ളൂവെന്നാണ് വാദിച്ചത്. ആക്രമണങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ അംഗങ്ങൾ ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ആയുധങ്ങളെ കുറിച്ചുള്ള ചർച്ചകളും നടന്നു. പിന്നാലം 15 ന് ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി, ജെഫ്രി ഗോൾഡ്ബർഗ് വെളിപ്പെടുത്തി.
അതേസമയം മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തലിനെതിരെ ഡെമോക്രാറ്റുകൾ രംഗത്തെത്തി. തന്റെ അറിവിൽ യുഎസിൽ സംഭവിച്ച ഏറ്റവും വലിയ സുരക്ഷവീഴ്ചയാണ് ഇതെന്നും വിശദമായ അന്വേഷണം വേണമെന്നും സെനറ്റ് മൈനോരിറ്റി നേതാവ് ചക് ഷൂമെർ പറഞ്ഞു. ട്രംപ് ഭരണകുടം കാണിച്ച അശ്രദ്ധ അതിശയിപ്പിക്കുന്നതും അപകടകരവുമാണ് എന്നായിരുന്നു സെനറ്റർ ജാക്ക് റീഡിന്റെ പ്രതികരണം.സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ സ്വകാര്യ ഇമെയിൽ സെർവർ ഉപയോഗിച്ചതിന് ട്രംപ് ആവർത്തിച്ച് ആക്രമിച്ച ഹിലരി ക്ലിന്റണും രൂക്ഷവിമർശനം ഉയർത്തി. 'ഇതെന്തൊരു തമാശയാണ്' എന്നാണ് ഹിലരി ട്വീറ്റ് ചെയ്തത്.
ജെഫ്രിയുടെ പേര് അബദ്ധത്തിൽ ചേർത്തതാണെന്നാണ് സൂചന. ജെഫ്രി പറയുന്ന കാര്യങ്ങൾ കൃത്യമാണെന്നും എങ്ങനെ അയാളുടെ പേര് ഗ്രൂപ്പിൽ ഉൾപ്പെട്ടു എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പറഞ്ഞു. ദേശീയ സുരക്ഷ സംഘത്തെ പ്രസിഡന്റിന് പൂർണവിശ്വാസം ഉണ്ടെന്നും ്ഹ്യൂസ് കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.












Click it and Unblock the Notifications