ത്യാഗസ്മരണയില്‍ ഹജ്ജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്: ഹാജിമാര്‍ക്ക് സമ്പൂര്‍ണ സുരക്ഷയൊരുക്കി പോലീസ്
മക്ക: ത്യാഗത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി ദുല്‍ഹിജ്ജ പത്താംദിനമായ ഇന്നലെ ലോക മുസ്ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശം പരസ്പരം കൈമാറിയ വിശ്വാസികള്‍ വ്യത്യസ്തമായ ആഘോഷ പരിപാടികളില്‍ പങ്കുകൊണ്ടു.
ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയ തീര്‍ഥാടകര്‍ ഇന്നലെ അറഫയില്‍ നിന്ന് മിനായിലേക്ക് തിരിച്ചെത്തി. മൂന്ന് ദിവസം ഇവിടെ താമസിച്ച് പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്ന ചടങ്ങും പൂര്‍ത്തിയാക്കി കഅബയെ വിടവാങ്ങല്‍ പ്രദക്ഷിണം വയ്ക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരാമം കുറിക്കും. പെരുന്നാള്‍ ദിനമായ ഇന്നലെ പ്രധാന കര്‍മങ്ങള്‍ക്കു ശേഷം മുടിമുറിച്ചും തലമുണ്ഡനം ചെയ്തും ഏറെ പേര്‍ ഹജ്ജിന്റെ ഇഹ്‌റാം വേഷത്തില്‍ നിന്നൊഴിവായി.

ജംറകളില്‍ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്ന ചടങ്ങിനായി എത്തുന്ന ഹാജിമാരെ നിയന്ത്രിക്കാന്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് പോലിസ് ഒരുക്കിയിരിക്കുന്നത്. നേരത്തേ ഇവിടെയുണ്ടായ തിരക്ക് വന്‍ ദുരന്തത്തില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.
തട്ടുകളായി നിര്‍മിച്ച ശീതീകരിച്ച കെട്ടിടസമുച്ഛയത്തില്‍ കയറിയാണ് തീര്‍ഥാടകര്‍ ജംറകളിലേക്ക് കല്ലെറിയുക. തിരക്കു കുറയ്ക്കുന്നതിനായി ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്ത സമയങ്ങള്‍ കല്ലേറിനായി അനുവദിച്ചു നല്‍കിയിട്ടുണ്ട്. നന്‍മയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ ആട്ടിയകറ്റിയ ഇബ്റാഹീം നബിയുടെ പ്രവൃത്തിയെ അനുസ്മരിച്ചാണ് തിന്‍മകളുടെ ശക്തികളില്‍ നിന്നുള്ള മോചനമെന്ന സന്ദേശവുമായി വിശ്വാസികള്‍ ജംറകളില്‍ കല്ലേറ് നടത്തുന്നത്.












Click it and Unblock the Notifications