ബിസിനസ് പ്രമുഖന്‍ നാലംഗ കുടുംബത്തെ വെടിവെച്ചുകൊന്നശേഷം ആത്മഹത്യ ചെയ്തു
മിന്നസോട്ട: അമേരിക്കയിലെ മിന്നസോട്ടയില്‍ കോടീശ്വരനെ കുടുംബസമേതം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബിസിനസുകാരനായ ബ്രയാന്‍ ഭാര്യ കരേന്‍ അവരുടെ മൂന്നു കുട്ടികള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി ഇവരുടെ വീട്ടില്‍ നിന്നും ശബ്ദങ്ങളൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബ്രയാന്‍, ഭാര്യ കരേന്‍ ഷോട്ട്, മക്കളായ കോളി(17), മാഡിസണ്‍ (15), ബ്രൂക്ക്‌ലിന്‍(14) എന്നിവരാണ് മരിച്ചത്. ബ്രയാന്‍ എല്ലാവരെയും വെടിവെച്ചശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് നിഗമനം. കൂട്ടമരണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏകദേശം 2 മില്യണ്‍ പൗണ്ട് വിലവരുന്ന കൂറ്റന്‍ ബംഗ്ലാവിലാണ് ഇവരുടെ താമസം. കുട്ടികള്‍ കുറച്ചുദിവസമായി സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടില്‍ നിന്നും ശബ്ദങ്ങളൊന്നും കേള്‍ക്കാതിരുന്നതോടെ ഇവരുടെ ചില സുഹൃത്തുക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബ്രയാന്റെ കമ്പനിയായ 'ഓള്‍നഴ്‌സ്' ഇവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിയുമായി സഹകരിക്കുന്നവരോടും ജീവനക്കാരോടുമുള്ള അറിയിപ്പെന്നോണമാണ് മരണം അറിയിച്ചത്. ഇവരുടെ ഭാരിച്ച സ്വത്തുക്കളും മറ്റും ആരാണ് ഭാവിയില്‍ കൈകാര്യം ചെയ്യുക എന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് ബ്രയാന്‍ എന്തെങ്കിലും കുറിപ്പ് എഴുതിയിട്ടുണ്ടാകുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ.












Click it and Unblock the Notifications