വിശ്വസുന്ദരി പട്ടം ജെന്നിഫര്‍ ബാരെറ്റോയ്ക്ക്; ടോപ്പ് 12 ലേക്ക് യോഗ്യത നേടാനാകാതെ കെസിയ
2026 ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി പ്യൂര്‍ട്ടോ റിക്കോയില്‍ നിന്നുള്ള ജെന്നിഫര്‍ ബാരെറ്റോ. വെനസ്വേലയുടെ ക്ലാര ഗോറ്റ്സിനെയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മെലിസ ന്യൂനെസിനെയും പിന്തള്ളിക്കൊണ്ടാണ് ജെന്നിഫറിന്റെ നേട്ടം. മലയാളി പെണ്‍കുട്ടിയായ 19 കാരി കെസിയ ലിസ് മെജോയ്ക്ക് ടോപ്പ് 12 ലേക്ക് യോഗ്യത നേടാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യന്‍ സ്വപ്‌നം നേരത്തെ പൊലിഞ്ഞിരുന്നു.
എങ്കിലും നിയമവിദ്യാര്‍ത്ഥിനിയായ കെസിയ 'മിസ് യൂണിവേഴ്‌സ് ഇന്ത്യ' പട്ടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വനിത എന്ന ചരിത്രം കുറിച്ചു. എന്നാല്‍, ടോപ്പ് 12-ലേക്ക് യോഗ്യത നേടാന്‍ കഴിയാതെ പോയതോടെ ഈവനിംഗ് റൗണ്ടിന് തൊട്ടുമുമ്പ് മെജോയുടെ മത്സരയാത്ര അവസാനിച്ചു. പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനിലുള്ള ഹോസെ മിഗ്വല്‍ അഗ്രെലോട്ട് കൊളീസിയത്തില്‍ നടന്ന ഗ്രാന്റ് ഫിനാലെ അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിന്റെ 75-ാം പതിപ്പാണ്.

116 മത്സരാര്‍ത്ഥികളാണ് കിരീടത്തിനായി മാറ്റുരച്ചത്. നിലവിലെ മിസ് യൂണിവേഴ്‌സ് ആയ മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് ആണ് ജെന്നിഫര്‍ ബാരെറ്റോയെ കിരീടം അണിയിച്ചത്. വിശ്വകിരീടം നേടിയില്ലെങ്കിലും ചരിത്രം കുറിച്ചാണ് കെസിയയുടെ മടക്കം. മാവേലിക്കര സ്വദേശിയായ കെസിയ മെജോ വളര്‍ന്നത് അബുദാബിയിലാണ്. അബുദാബിയിലെ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
നിലവില്‍ ബെംഗളൂരുവില്‍ നിയമപഠനം നടത്തുന്നതിനൊപ്പം മോഡലിംഗ് രംഗത്തും അവര്‍ സജീവമാണ്. പഠനത്തിനും സൗന്ദര്യമത്സരങ്ങള്‍ക്കും അപ്പുറം മറ്റ് മേഖലകളിലും കെസിയ മെജോയ്ക്ക് താല്‍പ്പര്യമുണ്ട്. 12 വര്‍ഷത്തെ പരിശീലനമുള്ള ഒരു ക്ലാസിക്കല്‍ നര്‍ത്തകി കൂടിയായ കെസിയയ്കക്ക് പാട്ടുപാടാനും വയലിന്‍, ഡ്രംസ് എന്നിവ വായിക്കാനും അറിയാം.
അഭിനയത്തിലും പൊതുപ്രസംഗത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അവര്‍, ഷൈലോക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 2026-ല്‍ 'മിസ് യൂണിവേഴ്‌സ് കേരള' കിരീടം നേടിയ കെസിയ, ഈ സംസ്ഥാനതല മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി മാറി. തുടര്‍ന്ന്, ഓഗസ്റ്റ് 23-ന് ജയ്പൂരില്‍ നടന്ന ദേശീയ മത്സരത്തില്‍ 52 മത്സരാര്‍ത്ഥികളെ പിന്തള്ളിക്കൊണ്ട് അവര്‍ 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' ആയി തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം വിശ്വസുന്ദരി മത്സരത്തിന്റെ 75-ാം പതിപ്പ് സംഘാടകരെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു പുതിയ കിരീടവും അവതരിപ്പിച്ചു. ജോര്‍ജ് വിറ്റല്‍സും പാരീസ് ആസ്ഥാനമായുള്ള മെയ്‌സണ്‍ ഡി ഓര്‍ എന്ന ജ്വല്ലറി സ്ഥാപനവും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ഈ കിരീടത്തില്‍, വൈറ്റ് ഗോള്‍ഡില്‍ പതിച്ച 3,150 വജ്രങ്ങളാണുള്ളത്.
ദേശീയ വേഷവിധാനങ്ങള്‍, പ്രാഥമിക റൗണ്ടുകള്‍, ഫൈനല്‍ റൗണ്ട് എന്നിവ ഉള്‍പ്പെടുന്ന മത്സരത്തില്‍, വിവിധ ഘട്ടങ്ങളിലെ പ്രകടനവും വേദിയിലെ സാന്നിധ്യവും വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തുന്നത്. ഇന്ത്യയില്‍ നിന്ന് 1994-ല്‍ സുസ്മിത സെന്നും, 2000-ല്‍ ലാറ ദത്തയും, 2021-ല്‍ ഹര്‍നാസ് സന്ധുവും ഈ കിരീടം നേടിയിട്ടുണ്ട്





Click it and Unblock the Notifications
