കടലില്‍ പ്രതികാരം? ഇറാന്റെ എണ്ണക്കപ്പലിന് നേര്‍ക്ക് ഇരട്ട മിസൈല്‍ പ്രഹരം.. തീവ്രവാദ ആക്രമണമെന്ന്
ജിദ്ദ/ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥ പരത്തിക്കൊണ്ട് വീണ്ടും എണ്ണക്കപ്പലിന് നേര്‍ക്ക് ആക്രമണം. ഇറാന്റെ എണ്ണക്കപ്പലിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അതും സൗദി അറേബ്യന്‍ തീരത്തിന് അടുത്ത് വച്ച്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളില്‍ ഈ ആക്രമണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കും എന്നാണ് നിരീക്ഷണങ്ങള്‍.
ചെങ്കടലില്‍ ജിദ്ദ തുറമുഖത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ വച്ചാണ് ഇറാന്റെ എണ്ണക്കപ്പലിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. രണ്ട് മിസൈലുകള്‍ കപ്പലില്‍ തറച്ചതായി നാഷണല്‍ ഇറാനിയന്‍ ടാങ്കര്‍ കമ്പനി അറിയിച്ചിട്ടുണ്ട്.
സൗദി ഭരണകൂടത്തിന് കീഴിലുള്ള അരാംകോ എണ്ണക്കമ്പനിക്ക് നേര്‍ക്ക് കഴിഞ്ഞ മാസം ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ ഇറാന്‍ ആണെന്ന ആരോപണം അമേരിക്ക ഉയര്‍ത്തുകയും ചെയ്തു. അതിന് മുമ്പ് പലതവണ വിദേശ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്നപ്പോഴും അമേരിക്ക ഇറാനെ ആയിരുന്നു പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നത്.

വെള്ളിയാഴ്ച രാവിലെ
ഒക്ടോബര്‍ 11, വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം അഞ്ചരയോടെ ആണ് എണ്ണക്കപ്പലിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. കപ്പലിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല എന്നാണ് ഇറാന്‍ സര്‍ക്കാരിന് കീഴിലുള്ള കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ആക്രമണത്തില്‍ തീപ്പിടത്തവും ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം.

തീവ്രവാദി ആക്രമണം
കപ്പലിന് നേര്‍ക്ക് നടന്നത് തീവ്രവാദി ആക്രമണം ആണെന്ന നിഗമനത്തിലാണ് ഇറാന്‍. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ എസ്എന്‍എയും ഇത്തരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന സൂചന ഇറാന്‍ പുറത്ത് വിട്ടിട്ടില്ല.
|
നേരിടാന്‍ തയ്യാറായിക്കോളൂ
ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകും എന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അപകടകരമായ ഈ പ്രവര്‍ത്തി ചെയ്തവര്‍ ആയിരിക്കും ഇതിന്റെ പരിണതഫലങ്ങളുടെ ഉത്തരവാദികള്‍ എന്നാണ് വിദേശകാര്യവക്താവ് അബ്ബാസ് മൗസവ് പ്രതികരിച്ചത്. വലിയ പാരിസ്ഥിതി മലിനീകരണത്തിന് കൂടിയാണ് ആക്രമണം വഴിവച്ചത് എന്നും അദ്ദേഹം പറഞ്ഞു.

സൗദി പ്രതികരിച്ചില്ല
ഇത്തരം ഒരു ആക്രമണത്തെ കുറിച്ച് സൗദി അറേബ്യയുടെ പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. മേഖലയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പല്‍ പടയും ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. കപ്പിലിന് നേര്‍ക്ക് നടന്ന ആക്രമണത്തെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമേ അറിഞ്ഞിട്ടുള്ളൂ എന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല എന്നും ആണ് അമേരിക്ക പ്രതികരിച്ചത്.

മൂന്നാം തവണ
സിറിയയിലേക്കുള്ള സബിട്ടി എന്ന എണ്ണക്കപ്പലിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പത്ത് ലക്ഷം ബാരല്‍ എണ്ണയായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്കുണ്ടായ മൂന്നാമത്തെ ആക്രമണം ആണിത്. അറ്റക്കുറ്റപ്പണികള്‍ക്ക് ശേഷം കപ്പല്‍ യാത്ര തുടങ്ങിയതയാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണവില കുതിച്ചു
സൗദി അരാംകോയ്ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായതിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോള്‍ ഇറാന്‍ എണ്ണക്കപ്പലിന് നേര്‍ക്ക് ആക്രമണം ഉണ്ടായപ്പോഴും അത് എണ്ണവിലയില്‍ പ്രതിഫലിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ രണ്ട് ശതമാനം വര്‍ദ്ധനയാണ് ഒറ്റയടിക്കുണ്ടായത്.












Click it and Unblock the Notifications