കാണാതാകുന്നതിന് മുന്‍പ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ബാറില്‍; കാലുറയ്ക്കാതെ പുരുഷ സുഹൃത്ത്; ദൃശ്യങ്ങള്‍ പുറത്ത്
വാഷിങ്ടണ്‍: ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തി കാണാതായ ഇന്ത്യന്‍ വംശജയായ യുഎസ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു. പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ പഠിക്കുന്ന സുദിക്ഷ കൊനാങ്കിയെയാണ് (20) മാര്‍ച്ച് ആറ് മുതല്‍ കാണാതായത്. അഞ്ച് സൃഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ എത്തിയ ശേഷമാണ് യുവതിയെ കാണാതാകുന്നത്. കഴിഞ്ഞ ദിവസം സുദിക്ഷയുടെ വസ്ത്രവും ചെരിപ്പും ബീച്ചിനു സമീപമുള്ള കസേരയില്‍ നിന്ന് ലഭിച്ചിരുന്നു. ഇപ്പോള്‍, സുദിക്ഷ അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുന്‍പ് ഒരു ബാറില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രാദേശിക മാധ്യമമായ നോട്ടിസിയ സിന്‍ പുറത്തുവിട്ടിരിക്കുന്നത്.
റിസോര്‍ട്ടിലെ ബാറില്‍ സുദിക്ഷ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുനില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ പൊലീസിന്റെ സംശയ നിഴലിലുള്ള പുരുഷ സുഹൃത്ത് ജോഷ്വാ സ്റ്റീവ് റൈബ് എന്ന അമേരിക്കന്‍ സ്വദേശിയെയും വീഡിയോയില്‍ കാണാം. ഇയാള്‍ മദ്യപിച്ച് ആടിക്കുഴഞ്ഞാണ് നില്‍ക്കുന്നത്.

കാണാതാകുന്നതിന് മുമ്പ് സുദിക്ഷയും 24 കാരനായ ജോഷ്വായും റിസോര്‍ട്ടിന്റെ നടപ്പാതയിലൂടെ കൈകോര്‍ത്ത് നടക്കുന്നതിന്റെ വീഡിയോ ആദ്യം പുറത്തുവന്നിരുന്നു. അതിനു ശേഷമാണ് ബാറില്‍ അഞ്ചു സുഹൃത്തുക്കള്‍ എത്തിയതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബീച്ചില്‍ അപ്രത്യക്ഷയാകുന്നതിന് മുന്‍പ് സുദിക്ഷ ധരിച്ച വസ്ത്രമാണ് ഈ വീഡിയോയിലുമുള്ളത്. സുദിക്ഷ ഛര്‍ദിക്കാനായി കുനിയുന്നത് വീഡിയോയില്‍ കാണാം. അതേസമയം, യുവതി സന്തോഷത്തോടെ ചാടുന്നതും വനിതാ സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ സുദിക്ഷയും യുവാവും ഈ വീഡിയോയില്‍ സംസാരിക്കുന്നില്ല.
അതേസമയം, ജോഷ്വാ ബാറിന് പുറത്ത് നടക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയിലുണ്ട്. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് ഇടറി വീഴുന്നതും കാണാം. ബാറില്‍ നിന്ന് സംഘം നേരെ ബീച്ചിലേക്കാണ് പോയത്. അവിടെ വച്ചാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. ബിക്കിനിക്കു മുകളില്‍ ധരിച്ചിരുന്ന നെറ്റിന്റെ വസ്ത്രമാണ് കഴിഞ്ഞ ദിവസം ബീച്ചിനു സമീപത്തു നിന്ന് ലഭിച്ചത്. അതിനാല്‍ ഈ വസ്ത്രം ഊരിയിട്ട ശേഷം സുദിക്ഷ കടലിലേക്ക് ഇറങ്ങി എന്നാണ് പൊലീസിന്റെ നിഗമനം.
ഇത്രയും നാളായിട്ടും കണ്ടെത്താത്തതിനാല്‍ സുദിക്ഷ മുങ്ങിമരിച്ചിരിക്കാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. എന്നാല്‍ സുദിക്ഷയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സുദിക്ഷയെ കാണാതായ ശേഷം ജോഷ്വാ സ്റ്റീവ് റൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതേസമയം താന്‍ നിരപരാധിയാെണന്നാണ് ജോഷ്വയുടെ നിലപാട്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.
അമേരിക്കയിലെ അയോവ സ്വദേശിയായ ജോഷ്വാ മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്. ജോഷ്വായും സുദിക്ഷയും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷത്തിനായി എത്തിയത്.
മാര്‍ച്ച് ആറിന് കാണാതായ യുവതിക്കു വേണ്ടി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ബീച്ചിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാരിയാണ് സുദിക്ഷ.












Click it and Unblock the Notifications