ടോയ് ട്രെയിന്‍, മരത്തില്‍ തീർത്ത അക്ഷരമാല: മോദി യുഎസ് വൈസ് പ്രഡിഡന്റിന്റെ മക്കള്‍ക്ക് കൊടുത്ത സമ്മാനങ്ങള്‍
പാരീസ്: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ മകൾ മിറാബെൽ റോസ് വാൻസിന് മരത്തില്‍ തീർത്ഥ പരിസ്ഥിതി സൗഹൃദ അക്ഷരമാല സെറ്റും ടോയ് ട്രെയിനും സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ ആക്ഷൻ ഉച്ചകോടിക്കായി ഫ്രാൻസ് സന്ദർശിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി ജെഡി വാൻസിനേയും കുടുംബത്തേയും സന്ദർശിച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ മകന്‍ വിവേകിന്റെ പിറന്നാള്‍ ആഘോഷ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു.
'യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ വളരെ മികച്ച സംഭാഷണം നടത്തി. അവരുടെ മകൻ വിവേകിന്റെ സന്തോഷകരമായ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ അവരോടൊപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്' പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

നരേന്ദ്രമോദി തികച്ചും ദയാലുവായ വ്യക്തിയാണെന്നായിരുന്നു ജെഡി വാന്‍സിന്റെ മറുപടി. 'പ്രധാനമന്ത്രി മോദി വളരെ ദയാലുവാണ് ഞങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ ശരിക്കും ആസ്വദിച്ചു. മനോഹരമായ സംഭാഷണത്തിന് ഞാൻ അദ്ദേഹത്തോട് നന്ദിയുള്ളവനാണ്.' മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കുറിച്ചു.
ഫെബ്രുവരി 10 മുതൽ 12 വരെ മൂന്ന് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), വാണിജ്യം, ഊർജ്ജം, സാംസ്കാരിക ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുത്തു. ലോക നേതാക്കളുടെയും ആഗോള ടെക് സി ഇ ഒ മാരുടെയും എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ അധ്യക്ഷനുമായിരുന്നു നരേന്ദ്ര മോദി.
അതേസമയം, ഫ്രാൻസ് സന്ദർശനത്തിന് ശേഷം നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം കഴിഞ്ഞ ദിവസം അമേരിക്കയിലെത്തി. വാഷിംഗ്ടൺ ഡിസിയിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഹൃദ്യമായ സ്വീകരണം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരുക്കി. ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്.
2024 നവംബർ മുതൽ, പ്രധാനമന്ത്രി മോദിയും ട്രംപും രണ്ടുതവണ ഫോണിൽ സംസാരിക്കുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് വിദേശകാര്യ മന്ത്രി ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ സന്ദർശിക്കുകയും 2025 ജനുവരിയിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.












Click it and Unblock the Notifications