ഇന്ത്യ ഇസ്രായേലിനൊപ്പം; തീവ്രവാദത്തെ ന്യായീകരിക്കില്ല: ഗാസ സമാധാനശ്രമങ്ങള്‍ക്ക് പിന്തുണയെന്ന് മോദി
ടെല്‍ അവീവ്: ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള അടുത്ത സൗഹൃദത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം. ഇസ്രായേല്‍ പാര്‍ലമന്റായ നെസെറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടന്ന ഹമാസ് ആക്രമണത്തെ മോദി അപലപിച്ചു. അതിക്രൂരമായ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കൊല്ലപ്പെട്ടവര്‍ക്ക് ഇന്ത്യയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍: 'ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനില്‍ക്കുന്നു. നിങ്ങളുടെ വേദന ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു, നിങ്ങളുടെ ദുഃഖം ഞങ്ങള്‍ പങ്കിടുന്നു. ഒരു കാരണവശാലും ഭീകരവാദത്തെയോ സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനെയോ ന്യായീകരിക്കാന്‍ കഴിയില്ല. ഈ ദുഖകരമായ സാഹചര്യത്തില്‍ പൂര്‍ണബോധ്യത്തോടെ ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനില്‍ക്കുന്നു'.

ഭാരതവും ഇസ്രായേലും രണ്ട് പുരാതന സംസ്‌കാരങ്ങളാണെന്നും അവ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിച്ച 1950 സെപ്റ്റംബര്‍ 17-ന് തന്നെയാണ് താന്‍ ജനിച്ചതെന്ന ചരിത്രപരമായ യാദൃശ്ചികതയും അദ്ദേഹം പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടുകളായി ജൂതന്മാര്‍ ഇന്ത്യയില്‍ യാതൊരു വിവേചനവും ഭയവുമില്ലാതെയാണ് ജീവിച്ചതെന്നും ഇത് ഭാരതത്തിന്റെ സഹിഷ്ണുതയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ സമാധാന ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്നും മേഖലയില്‍ ശാശ്വതമായ സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിലേക്കുള്ള വഴി എളുപ്പമല്ലെങ്കിലും ചര്‍ച്ചകളിലൂടെയും സമാധാനത്തിലൂടെയും മാത്രമേ സ്ഥിരത കൈവരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുകൂടാതെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയെന്നും ഉടന്‍ തന്നെ ലോകത്തെ മുന്‍നിരയിലുള്ള മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications