ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം: ഇറാന്‍ പ്രസിഡന്റിനോട് ഫോണില്‍ സംസാരിച്ച് മോദി
ന്യൂഡല്‍ഹി: ഇസ്രായേല്‍-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം പശ്ചിമേഷ്യയിലാകെ ആശങ്ക വിതയ്ക്കുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും സംഭാഷണം. ഫെബ്രുവരി 28-ന് മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഇരു നേതാക്കളും നേരിട്ട് സംസാരിക്കുന്നത് ഇതാദ്യമായാണ്.
പശ്ചിമേഷ്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തടസമില്ലാത്ത ചരക്ക് നീക്കത്തിനും ഇന്ധന ലഭ്യതയ്ക്കുമാണ് ഇന്ത്യ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി മോദി ഇറാന്‍ പ്രസിഡന്റിനെ അറിയിച്ചു. യുദ്ധം കാരണം സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെടുന്നതിലും വലിയ തോതിലുള്ള ആശങ്കയാണ് മോദി രേഖപ്പെടുത്തിയത്.

ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്‌കിയാനുമായി സംഭാഷണം നടത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുദ്ധമല്ല, മറിച്ച് സമാധാനപരമായ ചര്‍ച്ചകളും നയതന്ത്ര നീക്കങ്ങളുമാണ് വേണ്ടതെന്ന് നരേന്ദ്ര മോദി ആവര്‍ത്തിച്ചു പറഞ്ഞു. മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത അദ്ദേഹം സംഭാഷണത്തിനിടെ ഊന്നിപ്പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എണ്ണ ഇറക്കുമതിയും അന്താരാഷ്ട്ര വ്യാപാരവും തടസപ്പെടുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിക്കുമെന്നതിനാല്‍ ഇറാന്റെ സഹകരണം ഈ ഘട്ടത്തില്‍ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ മിഡില്‍ ഈസ്റ്റിലെ ഇന്ത്യക്കാരുടെ സംരക്ഷണത്തോടൊപ്പം വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കാനും ഈ ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നു.
കഴിഞ്ഞ ദിവസം കപ്പലുകള്‍ക്കു നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ നിരന്തരം ആക്രമണശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലാകെ കോടിക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. ഇവരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റിനോട് പങ്കുവെച്ചത്.












Click it and Unblock the Notifications