തുള്‍സി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തി മോദി; ഗംഗാ ജലം നൽകി സ്വീകരിച്ചു
യുഎസ് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇത്. തുൾസിയെ ഗംഗാജലം നൽകി പ്രധാനമന്ത്രി സ്വീകരിച്ചു. ഇത് രണ്ടാം തവണയാണ് തുൾസി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തേ ട്രംപ് അധികാരം ഏറ്റതിന് പിന്നാലെ വാഷിങ്ടണിൽ മോദി എത്തിയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
തുൾസി ഗബ്ബാർഡിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 'ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കാഴ്ചപ്പാടുകൾ കൈമാറി. ഭീകരതയെ ചെറുക്കുന്നതിനും സമുദ്ര, സൈബർ സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്', പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഞായറാഴ്ചയാണ് തുൾസി ഗബ്ബാർഡ് ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയത്. ട്രംപ് ഭരണകൂടം അധികാരമേറ്റതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥ കൂടിയാണ് തുൾസി. ഡൽഹിയിലെത്തിയ അവർ തിങ്കളാഴ്ച ഉച്ചയോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസിലെ ഖാലിസ്ഥാനി അനുകൂല ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയിൽ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.
ഗുർപത്വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള സിഖ് ഫോര്‍ ജസ്റ്റിസ് സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സംഘടനയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാൻ ചാര സംഘടനയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യുമായുള്ള എസ്‌എഫ്‌ജെയുടെ ബന്ധത്തെ കുറിച്ചും ബബ്ബർ ഖൽസ തീവ്രവാദ ഗ്രൂപ്പുമായുള്ള അവരുടെ സഹകരണത്തെ കുറിച്ചും പ്രതിരോധമന്ത്രി സംസാരിച്ചു.
യുഎസിലെ വിവിധ ഹിന്ദു മത സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് എസ്എഫ്ജെ നടത്തുന്ന ആക്രമണങ്ങൾ തടയണമെന്നും അവർക്കെതിരെ ശക്തമായ നടപടി വേണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ എസ്ജെഎഫ് ഗ്രൂപ്പ് നിരോധിത സംഘടനയാണ്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തെ സംബന്ധിച്ചും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി.
കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ സെക്രട്ടറി അജിത് ഡോവലും ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ തലങ്ങൾ ഇരുവരും ചർച്ച ചെയ്തു.












Click it and Unblock the Notifications