തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് മോദി;ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ മൗനം
ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ കുറച്ച യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരുവ 18 ശതമാനമാക്കിയതിൽ വലിയ സന്തോഷമെന്നും ലോകസമാധാനത്തിന് ട്രംപിന്റെ നേതൃത്വം നിർണായകമെന്നും മോദി എക്സിൽ കുറിച്ചു.എന്നാൽ ഇന്ത്യയും യുഎസും വ്യാപാരക്കരാറിൽ എത്തിയെന്ന ട്രംപിൻ്റെ പ്രസ്താവനയെ കുറിച്ച് മോദി പ്രതികരിച്ചിട്ടില്ല.
'ട്രംപുമായി മികച്ചൊരു സംഭാഷണമാണ് നടന്നത്. ഇറക്കുമതി തീരുവ 18 ശതമാനമാക്കി കുറച്ച നടപടിയിൽ 140 കോടി ഇന്ത്യക്കാരുടേയും നന്ദി അറിയിക്കുന്നു',മോദി എക്സിൽ കുറിച്ചു. ലോകസമാധാനത്തിനും സ്ഥിരതയ്ക്കും രണ്ട് വലിയ സാമ്പത്തിക ശക്തികളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് നമ്മുടെ ജനങ്ങൾക്ക് പ്രയോജനമാവുകയും പരസ്പര സഹകരണത്തിന് അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യും," എന്ന് മോദി കുറിച്ചു. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് ട്രംപിന്റെ നേതൃത്വം നിർണായകമാണെന്നും, സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ്ണ പിന്തുണ നൽകുമെന്നും മോദി പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി അമേരിക്കയിൽ നിന്നും,വെനസ്വേലയിൽ നിന്നും കൂടുതൽ ഊർജം വാങ്ങാൻ മോദി സമ്മതിച്ചെന്ന ട്രംപിന്റെ വാദത്തോടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയുമായി യു.എസ് ഉഭയകക്ഷി കരാറിൽ എത്തിയെന്ന് ഇന്നലെയാണ് ട്രംപ് അവകാശപ്പെട്ടത്. 'ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടോ സംസാരിക്കാൻ അവസരം ലഭിച്ചു. റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തി യുഎസിൽ നിന്നും ആവശ്യമെങ്കിൽ വെനസ്വലേയിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചു. ബഹമാനത്തിൻ്റേയും സൌഹൃദത്തിൻ്റേയും അടിസ്ഥാനത്തിൽ മോദിയുടെ അഭ്യർത്ഥന പ്രകാരം വ്യാപാരക്കരാറിൽ ഏർപ്പെടാനുള്ള ആവശ്യം ഞങ്ങൾ അംഗീകരിച്ചു. ഇനി തീരുവ 25 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറയും. യുഎസിനെതിരായ തീരുവ പൂർണമായി അവസാനിപ്പിക്കാനും മോദി സമ്മതിച്ചു',എന്നാണ് സോഷ്യൽ ട്രൂത്തിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് പറഞ്ഞത്.
'ഇന്ത്യയുമായുള്ള നമ്മുടെ മികച്ച ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് പോകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ ചെയ്ത് തീർക്കുന്നവരാണ്', ട്രംപ് കൂട്ടിച്ചേർത്തു. മോദിയെ തന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളും രാജ്യത്തിന്റെ ശക്തനും ആദരണീയനുമായ നേതാവും എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.
റഷ്യൻ എണ്ണ വാങ്ങിയതിൻ്റെ പേരിലാണ് യു.എസ് ഇന്ത്യയ്ക്കെതിരെ 25 ശതമാന തീരുവ ചുമത്തിയത്. റഷ്യൻ എണ്ണ വാങ്ങുന്നത് വഴി യുക്രൈൻ യുദ്ധത്തിന് ഇന്ത്യ ശക്തിപകരുകാണെന്നും മുന്നറയിപ്പുകൾ അവഗണിച്ച് റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 500 ശതമാനം വരെ തീരുവ ചുമത്തുന്നത് ആലോചിക്കുമെന്നും നേരത്തേ ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
അതിനിടെ അമേരിക്കയിൽ നിന്ന് സാങ്കേതികവിദ്യയും കാർഷിക ഉൽപ്പന്നങ്ങളും അടക്കമുള്ള സാധനങ്ങൾ വാങ്ങാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് പറഞ്ഞു. 500 ബില്യൺ ഡോളറിലധികം (ഏകദേശം 366 ബില്യൺ പൗണ്ട്) മൂല്യമുള്ള ഊർജ്ജം, സാങ്കേതികവിദ്യ, കാർഷിക, കൽക്കരി ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ഇന്ത്യ-യൂറോപ്യൻ യൂണിയൻ സമഗ്ര വ്യാപാരക്കരാർ ചർച്ചകൾക്ക് ആറ് ദിവസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications