611 കോടി രൂപ ശമ്പളമുള്ള ജോലി മകള്‍ക്കുവേണ്ടി ഉപേക്ഷിച്ചു
ന്യൂയോര്‍ക്ക്: പണത്തിനുവേണ്ടി കുടുംബത്തെ മറക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ കുടുംബത്തിന് വേണ്ടി ഉയര്‍ന്ന ജോലിയും ശമ്പളവും ഉപേക്ഷിക്കുന്നവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നിരുന്നാലും 611 കോടി രൂപ വാര്‍ഷക ശമ്പളം ഉള്ള ജോലി ഉപേക്ഷിക്കുന്ന ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് അല്‍ അരിയാന്‍ ഒഴികെ.
ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനിയായ PIMCO യുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന അരിയാന്‍ കഴിഞ്ഞവര്‍ഷം താന്‍ ജോലി ഉപേക്ഷിച്ചത് ഏത് കാര്യത്തിനുവേണ്ടിയാണെന്നത് ഒരു അഭിമുഖത്തില്‍ വിശദീകരിച്ചപ്പോള്‍ ലോകം മുഴുവനും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.

തന്റെ പത്തുവയസുകാരിയായ മകളാണ് ജോലി ഉപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് അരിയാന്‍ വര്‍ത് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നത്. തിരക്കിനിടയില്‍ മകളുടെ കാര്യം നോക്കാന്‍ പോലും തനിക്ക് സമയമുണ്ടായിരുന്നില്ല. ഒരു ദിവസം പല്ലു തേക്കുന്നതിനിടെ മകളുമായി സംസാരിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് അദ്ദേഹം പറഞ്ഞു.
മകള്‍ ഉടന്‍ അകത്തു പോയി ഒരു പട്ടിക എഴുതി ഉണ്ടാക്കി തന്നെ കാണിച്ചു. തന്റെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ അച്ഛനെ മിസ് ചെയ്ത കാര്യങ്ങളായിരുന്നു ആ പട്ടികയില്‍ ഉണ്ടായിരുന്നത്. ആ പട്ടികകണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നും അതുവരെ മകളില്‍ നിന്നും അകന്നു കഴിയേണ്ടിവന്നത് ഏറെ കുറ്റബോധത്തിനിടയാക്കിയെന്നും അരിയാന്‍ പറയുന്നു. പിന്നീട് ഏറെ ആലോചിച്ചശേഷമാണ് ജോലി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്. പണമല്ല ജീവിതത്തില്‍ വലിയകാര്യം, ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളാണെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ മുഹമ്മദ് അരിയാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications