ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലേക്ക്: 2026 ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഹമ്മദ് യൂനുസ്
ധാക്ക: പത്ത് മാസത്തിന് ശേഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശിന്റെ ഇടക്കാല ഭരണ നേതാവ് മുഹമ്മദ് യൂനുസ്. 2026 ഏപ്രിൽ മാസം പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പിനുള്ള വിശദമായ രൂപരേഖ ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബലി പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് യൂനുസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബി എൻ പി) ശക്തമാക്കി വരുന്നതിന് ഇടയില്‍ കൂടിയായാണ് മുഹമ്മദ് യൂനുസിന്റെ പ്രഖ്യാപനം. ഈ വർഷം ഡിസംബറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്നായിരുന്നു ബി എന്‍ പിയുടെ ആവശ്യം. യൂനുസിന്റെ സർക്കാർ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിമർശിച്ച ബി എൻ പി യുടെ ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാന്റെ നേതൃത്വത്തില്‍ ധാക്കയില്‍ വലിയ റായിലും നടന്നിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെ അന്ത്യം കുറിച്ചതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശിന്റെ താൽക്കാലിക സർക്കാറിന്റെ ചുമതലയിലേക്ക് നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് എത്തിയത്. സർക്കാർ ജോലികളിലെ 30% ക്വാട്ട സംവരണത്തിനെതിരെ വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭം, ഷേഖ് ഹസീനയുടെ "ഏകാധിപത്യ" ഭരണത്തിനെതിരായ വലിയ പ്രതിഷേധമായി മാറുകയായിരുന്നു.
പ്രതിഷേധം രാജ്യത്ത് വലിയ കലാപത്തിന് തന്നെ തുടക്കം കുറിച്ചു. ഈ കലാപത്തില്‍ മൂന്നാഴ്ചയ്ക്കിടെ 1000-ലധികം ആളുകൾ കൊല്ലപ്പെടുകയും 3500-ലധികം പേർ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായെന്നാണ് ഔദ്യോഗിക വിവരം. പ്രക്ഷോഭം ശക്തമായതോടെ ഹസീന ഹെലികോപ്റ്റർ മുഖേന ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. ഇതിനെ തുടർന്നാണ് പാർലമെന്റ് പിരിച്ചുവിട്ട് മുഹമ്മദ് യൂനുസിനെ "ചീഫ് അഡ്വൈസർ" ആയി നിയമിക്കുന്നത്.
ഭരണ, നീതിന്യായ, തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങളായിരുന്നു യൂനുസിന്റെ താൽക്കാലിക സർക്കാർ ഏറ്റെടുത്ത പ്രധാന ഉത്തരവാദിത്തങ്ങള്‍. 'ഹസീനയുടെ ഭരണകാലത്ത് അഴിമതി, മോശം ഭരണം, സ്ഥാപനങ്ങളുടെ തകർച്ച എന്നിവ ബംഗ്ലാദേശിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിച്ചു' മുഹമ്മദ് യൂനുസ് പറഞ്ഞു
തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടിക തയ്യാറാക്കൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ പുനഃസംഘടിപ്പിക്കൽ, ഭരണഘടനാ പരിഷ്കരണങ്ങൾ എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്. 2024 ഡിസംബറിൽ, യൂനുസ് 2025 അവസാനം മുതൽ 2026 ജൂൺ വരെ തെരഞ്ഞെടുപ്പ് നടത്താമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും, പരിഷ്കരണങ്ങളുടെ പുരോഗതി കൂടി കണക്കിലെടുത്ത് 2026 ഏപ്രിലിലേക്ക് നീട്ടുകയായിരുന്നു.
ബി എന്‍ പിക്ക് പുറമെ തിരഞ്ഞെടുപ്പ് നടത്താന്‍ സൈന്യത്തിന്റേയും ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നു. സൈന്യത്തിന്റെ തലവൻ ജനറൽ വേക്കർ-ഉസ്-സമാനായിരുന്നു 2025 ഡിസംബറിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നത്. ഇത് യൂനുസിനും സൈന്യത്തിനും ഇടയിൽ "ശീതയുദ്ധം" എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘർഷത്തിനും കാരണമായി. ഇതോടെ ഈ വർഷം മേയിൽ, യൂനുസ് രാജിവെക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു, എന്നാൽ അദ്ദേഹത്തിന്റെ ഉപദേശകർ അദ്ദേഹത്തെ തുടരാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് സംവിധാനം, പോലീസ്, ജുഡീഷ്യറി, അഴിമതി വിരുദ്ധ കമ്മീഷൻ, പൊതുഭരണം, ഭരണഘടന എന്നീ മേഖലകളില്‍ യൂനുസ് ഭരണകൂടം പരിഷ്കരണം നടത്തുന്നുണ്ടെങ്കിലും പ്രവർത്തനങ്ങള്‍ മന്ദഗതിയാലണെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആരോപണം. ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ നിരോധിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പാർട്ടിയുടെ രജിസ്‌ട്രേഷൻ സുപ്രീം കോടതി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications