യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ; മധ്യസ്ഥനായി ട്രംപ്; സെലന്‍സ്‌കിക്ക് അതൃപ്തി
മോസ്‌കോ: യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷമായിട്ടും അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാന്‍ റഷ്യയും അമേരിക്കയും. യു.എസിന്റെ മധ്യസ്ഥതയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് യു.എസുമായുള്ള ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ നടക്കുമെന്ന് റഷ്യ അറിയിച്ചു.
ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞ ചൊവ്വാഴ്ച നടന്നിരുന്നു. അന്ന് സൗദി അറേബ്യയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. രണ്ടാംഘട്ട ചര്‍ച്ചയും മൂന്നാമതൊരു രാജ്യത്ത് വെച്ചാവും നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുടെയും അമേരിക്കയുടെയും പ്രതിനിധികള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റയബ്‌കോവ് സ്ഥിരീകരിച്ചു. സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ആര്‍.ഐ.എയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയും യു.എസും തമ്മില്‍ വഷളായ നയതന്ത്ര ബന്ധം ചര്‍ച്ചകളിലൂടെ സുഗമമാക്കാനും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്. അതേസമയം, ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ആരൊക്കെയാണ് കൂടിക്കാഴ്ച്ച നടത്തുന്നതെന്നോ എവിടെ വച്ചാണ് ചര്‍ച്ചയെന്നോ സെര്‍ജി റയബ്‌കോവ് വെളിപ്പെടുത്തിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ വൈകാതെ തീരുമാനത്തിലെത്തുമെന്നും റഷ്യ വ്യക്തമാക്കി.
അമേരിക്കന്‍ നയത്തില്‍ ആശാവഹമായ മാറ്റങ്ങള്‍ കാണുമ്പോള്‍ ആയുധ നിയന്ത്രണം സംബന്ധിച്ച സംഭാഷണങ്ങള്‍ സാധ്യമാണ്. യുഎസിനും റഷ്യയ്ക്കും പശ്ചിമേഷ്യയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും സെര്‍ജി റയബ്‌കോവ് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ട്രംപും കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരുവരും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച സാധ്യമാണെന്നും റഷ്യ പറഞ്ഞിരുന്നു.
അതേസമയം, യുദ്ധം തീര്‍ക്കാനുള്ള ചര്‍ച്ചകളില്‍ നിന്നും തന്നെ ഒഴിവാക്കുന്നതില്‍ സെലന്‍സ്‌കികടുത്ത അതൃപ്തിയിലാണ്. സെലന്‍സ്‌കിയും ട്രംപും തമ്മില്‍ അകലാനും ഇതു കാരണമായിരുന്നു. സെലന്‍സ്‌കിയെ ട്രംപ് ഏകാധിപതിയെന്ന് വിളിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത വര്‍ധിച്ചത്. തെറ്റായ വിവരങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കുന്നതെന്ന് സെലന്‍സ്‌കി കുറ്റപ്പെടുത്തുകയും ചെയ്തു. ഇരുവരും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതോടെ ചര്‍ച്ചകളില്‍ പങ്കാളിയാകാനുള്ള യുക്രെയ്‌ന്റെ സാധ്യതകള്‍ മങ്ങി.
ബൈഡനുമായി അടുത്ത സൗഹൃദത്തിലായിരുന്ന സെലന്‍സ്‌കിക്ക് പക്ഷേ ട്രംപുമായി അടുക്കാന്‍ വഴികള്‍ അടയുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രംപ് കൂടുതല്‍ അടുക്കുന്നതും സെലന്‍സ്‌കിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ചര്‍ച്ചകളില്‍ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
സെലന്‍സ്‌കിക്കെതിരെയുള്ള ട്രംപിന്റെ നിലപാടിനെതിരേ മറ്റ് യൂറോപ്യന്‍ നേതാക്കള്‍ രംഗത്തെത്തി. ജര്‍മന്‍ ചാന്‍സലര്‍ ഓള്‍ഫ് ഷോള്‍സ്, യു.കെ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ എന്നിവരാണ് ട്രംപിനെ വിമര്‍ശിച്ചത്. സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിളിക്കുന്നത് തെറ്റാണെന്നായിരുന്നു ഷോള്‍സിന്റെ പ്രതികരണം. സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച യു.കെ പ്രധാനമന്ത്രി അദ്ദേഹത്തിന് പിന്തുണയറിയിച്ചു.












Click it and Unblock the Notifications