യുക്രൈനില്‍ ആക്രമണം ശക്തം; മേയറെ തട്ടിക്കൊണ്ടുപോയി, പള്ളി ആക്രമിച്ചു
കീവ്: റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ സാധാരണക്കാര്‍ അഭയം പ്രാപിച്ച പള്ളിക്ക് നേരെയും ആക്രമണം. 80 ഓളം സാധാരണക്കാര്‍ സുരക്ഷിതതാവളം തേടിയെത്തിയ മരിയോപോളോയിലെ പള്ളിക്ക് നേരെ റഷ്യന്‍ സൈന്യം ഷെല്‍വര്‍ഷം നടത്തിയതായി യുക്രൈന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉസ്മാനിയ്യ രാജവംശത്തില്‍പ്പെട്ട സുല്‍ത്താന്‍ സുലൈമാന്റെയും പത്നി ഹുറെം സുല്‍ത്താന്റെയും പേരിലുള്ള പള്ളിയാണ് ആക്രമിക്കപ്പെട്ടത്. ഈ സമയം കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 80 ലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. ഇതില്‍ ഏതാനും തുര്‍ക്കി വംശജരും ഉണ്ടായിരുന്നു. ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം, ദക്ഷിണ യുക്രൈന്‍ നഗരമായ മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡൊറോവിനെ തട്ടിക്കൊണ്ടു പോയി. പത്തംഗ റഷ്യന്‍ സൈന്യമാണ് തട്ടിക്കൊണ്ടുപോയതെന്ന് യുക്രൈന്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള നടപടികളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹത്തെ പിടികൂടിയത്. സംഭവം സ്ഥിരീകരിച്ച യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി, ഇവാന്‍ ഫെഡൊറോവ് ധീരനായ നേതാവായിരുന്നുവെന്ന് പറഞ്ഞു.

റഷ്യക്കെതിരേ സൈനിക നടപടിക്കില്ലെന്ന് അമേരിക്ക ആവര്‍ത്തിച്ചു. നാറ്റോ സഖ്യവും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും അതിനാല്‍ അത്തരത്തിലുള്ള ഏതുനീക്കവും തടയപ്പെടേണ്ടതാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിനെതിരേ നാറ്റോയുടെ സഹായം ഉക്രൈന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടുവരുന്നതിനിടെയാണ്, യാതൊരു സൈനികനടപടിക്കുമില്ലെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, വ്യാപാര മേഖലയില്‍ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിന്‍വലിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കും. റഷ്യന്‍ കോടീശ്വരന്‍മാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബാങ്കിങ് ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പ്പെടുത്തും. റഷ്യന്‍ ശതകോടീശ്വരനും റൊണേവ ഗ്രൂപ്പ് മേധാവിയുമായ വിക്തര്‍ വെക്സെല്‍ബര്‍ഗ്, വല്‍ദിമിര്‍ പുടിന്റെ ഓഫിസ് ജീവനക്കാരുടെ കുടുംബത്തിലെ മൂന്നുപേര്‍ തുടങ്ങിയവരും കരിമ്പട്ടികയില്‍ ഉള്‍പ്പെടും. റഷ്യയുടെ എണ്ണക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യൂറോപ്പ് തീരുമാനം എടുത്തിട്ടില്ല.
തിരിച്ചും റഷ്യ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഫേസ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിനും റഷ്യ വിലക്കേര്‍പ്പെടുത്തി. റഷ്യയുടെ ഐടി റെഗുലേറ്റിങ് ഏജന്‍സി റോസ്‌കോംനാദ്സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ റഷ്യന്‍ മാധ്യമങ്ങളോടുള്ള വിവേചനപരമായ നിലപാട് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഫേസ്ബുക്കിനെ വിലക്കിയത്. പുതിയ തീരുമാനം എട്ടുകോടിയോളം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ബാധിക്കും.












Click it and Unblock the Notifications