നവാസ് ശെരീഫിന് നേരെ ലണ്ടനില്‍ ആക്രമണം; ഇമ്രാന്‍ ഖാന്റെ വിശ്വാസ വോട്ടിന് ഇനി മണിക്കൂറുകള്‍
ഇസ്ലമാബാദ്: പാകിസ്താനില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കവെ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന് നേരെ ആക്രമണം. ലണ്ടനില്‍ വച്ച് നവാസ് ശെരീഫ് ആക്രമിക്കപ്പെട്ടുവെന്ന് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തകന്‍ അറിയിച്ചു. ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പ്രവര്‍ത്തകനാണ് ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അക്രമിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

നവാസ് ശെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ്, ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവര്‍ സംയുക്തമായിട്ടാണ് ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. നവാസ് ശെരീഫിന്റെ സഹോദരന്‍ ഷഹ്ബാസ് ശെരീഫ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഷഹ്ബാസ് ശെരീഫ് അമേരിക്കക്ക് വേണ്ടി അടിമ ജോലി ചെയ്യുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് നൂറാനിയാണ് നവാസ് ശെരീഫിന് നേരെ ആക്രമണം ഉണ്ടായി എന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കെതിരെ അദ്ദേഹം ട്വീറ്റ് ചെയ്തു. പിടിഐ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ് എന്നാണ് നൂറാനി പറയുന്നത്. ശാരീരികമായ ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല. ആക്രമണത്തില്‍ നവാസ് ശെരീഫിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റുവെന്നും നൂറാനി പറഞ്ഞു.
2018ലാണ് പാകിസ്താന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്. അതിന് ശേഷം ഇത്രയും പ്രതിസന്ധി അദ്ദേഹം ആദ്യമായിട്ടാണ് നേരിടുന്നത്. അനുയായികളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. 342 അംഗ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് നിലവില്‍ ഭൂരിപക്ഷമില്ല. പ്രധാന സഖ്യകക്ഷികള്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ അദ്ദേഹം വെട്ടിലായിരിക്കുകയാണ്. മാത്രമല്ല, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ എംപിമാരും പ്രതിപക്ഷത്തോടൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കൂറുമാറ്റം ഒഴിവാക്കാന്‍ പാര്‍ട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്.
പാകിസ്താനില്‍ അസ്ഥിരതയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതിനെതിരെ പ്രതിഷേധിക്കാന്‍ എല്ലാ പ്രവര്‍ത്തകരും തെരുവിലിറങ്ങണം. സമാധാനപരമായ പ്രതിഷേധമാണ് ആവശ്യം. തന്നെ പുറത്താക്കുന്നതിന് ഗൂഢാലോചന നടന്നിട്ടുണ്ട്. പാകിസ്താനെ സ്വതന്ത്രമാക്കാന്‍ പ്രക്ഷോഭം നടത്തണമെന്നും ഇമ്രാന്‍ ഖാന്‍ ഔദ്യോഗിക മാധ്യമത്തില്‍ നടത്തിയ പ്രതികരണത്തില്‍ ആവശ്യപ്പെട്ടു.
പാകിസ്താനില്‍ പ്രശ്ങ്ങളുണ്ടാക്കുന്നത് അമേരിക്കയാണ് എന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. എന്നാല്‍ അമേരിക്ക ഇക്കാര്യം നിഷേധിക്കുന്നു. യുക്രൈന്‍ വിഷയത്തില്‍ യൂറോപ്പിനൊപ്പം നില്‍ക്കാത്തതാണ് അമേരിക്കയുടെ ശത്രുതയ്ക്ക് കാരണായി ഇമ്രാന്‍ ഖാന്‍ പറയുന്നത്. റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം നിലയുറപ്പിച്ചത് അമേരിക്കയെ പ്രകോപിപ്പിച്ചെന്നും അതാണ് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.












Click it and Unblock the Notifications