ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില: ഇന്ത്യക്കുവേണ്ടി അംബാനി; റഷ്യന്‍ ക്രൂഡ് ഇറക്കുമതി വർധിപ്പിച്ച് റിലയന്‍സ്
ഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാന താരിഫ് ഭീഷണിക്കിടയിലും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വർധിപ്പിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. സെപ്റ്റംബറിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വർധിക്കുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും റഷ്യന്‍ കമ്പനിയായ റോസ്നെഫ്റ്റിന്റെ പിന്തുണയുള്ള നയാറ എനർജിയുമായിരിക്കും പതിവ് പോലെ റഷ്യയില്‍ നിന്നും വലിയ തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുക. രണ്ട് കമ്പനികളും ചേർന്ന് ഓഗസ്റ്റ് മാസത്തെ അളവുകളെ അപേക്ഷിച്ച് 10-20%, അഥവാ പ്രതിദിനം 150000-300000 ബാരൽ എണ്ണ കൂടുതൽ വാങ്ങാൻ സാധ്യതയുണ്ടെന്നാണ് മൂന്ന് വ്യാപാര സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില്‍ പറയുന്നത്.

യുക്രെയ്‌ന്റെ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ റഷ്യൻ ഉൽപ്പാദകർ അവരുടെ റിഫൈനറികളിൽ എണ്ണ പൂർണമായി പ്രോസസ്സ് ചെയ്യാൻ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ കൂടുതൽ ക്രൂഡ് ഓയിൽ വിൽക്കാനായി റഷ്യ വില കുറയ്ക്കാനും സാധ്യതയുണ്ട്. ഇന്ത്യയില്ലെങ്കിൽ, റഷ്യയ്ക്ക് നിലവിലുള്ള കയറ്റുമതി തോത് നിലനിർത്താൻ ബുദ്ധിമുട്ടാകും. ഇത് റഷ്യയുടെ ബജറ്റിനെയും യുക്രെയ്‌നിലെ യുദ്ധത്തിന്റെ തുടർച്ചയ്ക്കുമുള്ള എണ്ണ കയറ്റുമതി വരുമാനത്തേയും വലിയ തോതില്‍ ബാധിക്കും.
റിപ്പോർട്ടുകളുടെ പശ്ചാത്തത്തില്‍ റിലയൻസ് ഇൻഡസ്ട്രീസിനോടും നയാറ എനർജിയോടും വിവരങ്ങള്‍ തേടിയെങ്കിലും അഭ്യർത്ഥനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ എണ്ണ മന്ത്രാലയവും ഓഗസ്റ്റ് 28-ന് അഭിപ്രായത്തിനായുള്ള അഭ്യർത്ഥനയ്ക്ക് മറുപടി നല്‍കിയില്ലെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടില്‍ പറയുന്നു.
2022-ലെ യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎസും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ ഉപരോധങ്ങൾ നിലവിൽ വന്നതിനുശേഷമാണ് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ വാങ്ങലുകാരായി മാറുന്നത്. ഇത് ഇന്ത്യൻ റിഫൈനറികൾക്ക് കുറഞ്ഞ വിലയിൽ എണ്ണ ലഭിക്കാൻ സഹായകരമായി. എന്നാൽ, ഈ വാങ്ങലുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിന് ഇടയാക്കുകയും 50% തീരുവ എന്നതിലേക്കും എത്തുകയായിരുന്നു.
അടുത്ത ദിവസങ്ങളിൽ യുക്രെയ്‌ൻ 10 റഷ്യൻ റിഫൈനറികളെ ആക്രമിച്ചതോടെ രാജ്യത്തിന്റെ റിഫൈനിംഗ് ശേഷിയുടെ 17 ശതമാനത്തിന് വരെ കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍ റഷ്യയ്ക്ക് ഇപ്പോൾ സ്വന്തം സൗകര്യങ്ങളിൽ പ്രോസസ്സ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാനായി ലഭ്യമാണ്.
വോർട്ടെക്സ ഡാറ്റ അനുസരിച്ച്, ഓഗസ്റ്റ് മാസത്തെ ആദ്യ 20 ദിവസങ്ങളിൽ ഇന്ത്യ പ്രതിദിനം 1.5 മില്യൺ ബാരൽ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്തു. ഇത് ജൂലൈയിലെ അളവിന് സമാനമാണെങ്കിലും ജനുവരി-ജൂൺ ശരാശരിയായ 1.6 മില്യൺ ബാരൽ/ദിവസത്തേക്കാൾ അല്പം കുറവാണ്. ഈ അളവ് ആഗോള വിതരണത്തിന്റെ ഏകദേശം 1.5 ശതമാനവും വരും. ഫലത്തില്‍ ഈ കണക്കുകളെല്ലാം ഇന്ത്യയെ കടൽ വഴിയുള്ള റഷ്യൻ ക്രൂഡിന്റെ ഏറ്റവും വലിയ വാങ്ങലുകാരനാക്കുന്നു.
ഒക്ടോബറിൽ ഇന്ത്യയിലെത്തുന്ന കാർഗോകളിൽ മാത്രമേ ഉപരോധങ്ങളുടെയും തീരുവകളുടെയും പൂർണ്ണ പ്രത്യാഘാതം വ്യക്തമാകൂ എന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അടുത്ത ദിവസങ്ങളിൽ മാത്രമാകും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുക. യുഎസ് തീരുവകൾക്ക് പുറമേ, റഷ്യയുടെ എണ്ണ വരുമാനം പരിമിതപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ വില പരിധി കർശനമാക്കിയിട്ടുണ്ട്, ഇത് ഈ വർഷാവസാനം വിൽപ്പന സങ്കീർണ്ണമാക്കും.












Click it and Unblock the Notifications