കാബൂളിൽ സ്ഫോടനവും റോക്കറ്റ് ആക്രമണവും: താലിബാൻ- മൈക്ക് പോംപിയോ ചർച്ചയ്ക്ക് മുമ്പ്, സംഭവം ഗ്രീൻസോണിൽ
കാബൂൾ: കാബൂളിലെ അതീവ സുരക്ഷാ മേഖലയിൽ ഒന്നിലധികം സ്ഫോടനങ്ങൾ. ശനിയാഴ്ച തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ എംബസികളും അന്താരാഷ്ട്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിലാണ് ആക്രമണം. നിരവധി റോക്കറ്റുകളും ഈ മേഖലയിൽ ആക്രമണം നടത്തിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. അഫ്ഗാൻ തലസ്ഥാനത്ത് ജനസാന്ദ്രതയേറിയ പ്രദേശത്താണ് സ്ഫോടനം ഉണ്ടായിട്ടുള്ളത്.
അധീര്‍ ചൗധരി ബംഗാളില്‍ ജയിക്കാന്‍ നോക്കട്ടെ, രാഹുലിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് സിബല്‍!!

റോക്കറ്റ് ആക്രമണം
ഒന്നിലധികം റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതായി കാബൂൾ പോലീസ് വക്താവ് ഫെർദോസ് ഫറമാർസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയ വഴി പുറത്തുവരുന്ന ചിത്രങ്ങളിൽ മെഡിക്കൽ കോംപ്ലക്സിന്റെ പുറത്തുള്ള വലിയ ചുവരിന് കേടുപാടുകളുള്ളതായാണ്. ശനിയാഴ്ച രാവിലെ രണ്ട് ബോംബ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായാണ് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഒന്ന് പോലീസ് കാറിന് നേരെയാണ് ഉണ്ടായിട്ടുള്ളതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പുറമേ മൂന്ന് പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പിന്നിലാര്?
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടനയും രംഗത്തെത്തിയിട്ടില്ല. അഫ്ഗാനിസ്താനിലുടനീളം കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ തുടർന്നുവരുന്ന അക്രമസംഭവങ്ങളുടെ തുടർച്ചയെന്നോണമാണ് ഈ ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിച്ചതോടെയുണ്ടാക്കിയ ധാരണ പ്രകാരം നഗരപ്രദേശങ്ങളിൽ ആക്രമണം നടത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കാബൂളിൽ അടുത്ത കാലത്തുണ്ടായ ആക്രമണങ്ങളിൽ കാബുൾ ഭരണകൂടം രാജ്യത്തെ കലാപകാരികളെയാണ് കുറ്റപ്പെടുത്തുന്നത്. സെപ്തംബറിൽ ദോഹയിൽ വെച്ച് താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ നടന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.

നിർണ്ണായക പ്രഖ്യാപനം
വരും ദിവസങ്ങളിൽ ഒരു നിർണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെള്ളിയാഴ്ച വൈകിട്ട് താലിബാനുമായും അഫ്ഗാൻ സർക്കാരുമായും ദോഹയിൽ വെച്ച് ചർച്ച നടത്തുമെന്ന് വെള്ളിയാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചത്. ഏറെക്കാലമായി നടന്നുകൊണ്ടിരുന്ന യുദ്ധങ്ങളും പോരാട്ടങ്ങളും അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. താലിബാനെ കെട്ടുകെട്ടിക്കാനുള്ള അമേരിക്കയുടെ ശ്രമം ആരംഭിക്കുന്നത് 2001 സെപ്തംബർ 11ലെ ആക്രമണത്തിന് ശേഷമാണ്.

സൈന്യത്തെ പിൻവലിക്കും
അഫ്ഗാനിസ്താനിൽ യുഎസ് വിന്യസിച്ചിട്ടുള്ള രണ്ടായിരത്തോളം സൈനികരെ രാജ്യത്ത് നിന്ന് പിൻവലിക്കുമെന്ന് പെന്റഗൺ പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ വാഷിംഗ്ടണും താലിബാനും തമ്മിലുള്ള കരാറിൽ 2021 പകുതിയോടെ യുഎസ് സൈന്യം പൂർണമായും പിന്മാറാൻ ഉദ്ദേശിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഈ നടപടിയാണ് വേഗത്തിലാക്കിയിട്ടുള്ളത്. കഴിഞ്ഞ ആറുമാസത്തിനിടെ താലിബാൻ നടത്തിയത് 53 ചാവേർ ആക്രമണങ്ങളും 1,250 സ്ഫോടനങ്ങളുമാണ്. ആക്രമണങ്ങളിലായി 1,210 സാധാരണക്കാർ കൊല്ലപ്പെടുകയും 2,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയൻ പറഞ്ഞു.