ഇറാഖ് പാര്‍ലമെന്റില്‍ ജനങ്ങളുടെ വിളയാട്ടം; ഓടി നടന്ന്, നൃത്തം ചെയ്ത്... അമ്പരന്ന് അറബ് മേഖല
ബഗ്ദാദ്: ഇറാഖിലെ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം. ഷിയാ പണ്ഡിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികളാണ് കൂട്ടത്തോടെ പാര്‍ലമെന്റിലേക്ക് എത്തിയത്. തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട പോലീസ് വഴിമാറുകയായിരുന്നു. കണ്ണീര്‍ വാതവും ജലപീരങ്കിയുമെല്ലാം പ്രയോഗിച്ചെങ്കിലും രക്ഷയുണ്ടായില്ല. ബഗ്ദാദിലെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണിലാണ് പാര്‍ലമെന്റ്. ഇവിടെയാണ് വിദേശ രാജ്യങ്ങളുടെ എംബസികളും മറ്റു പ്രധാന കാര്യാലയങ്ങളും.
ജനക്കൂട്ടത്തിന് മുന്നില്‍ എല്ലാം തകിടംമറിയുന്ന കാഴ്ചയാണിപ്പോള്‍. പാര്‍ലമെന്റില്‍ കയറിയ ജനങ്ങള്‍ കിടക്കുന്നതിന്റെയും ആഹ്ലാദിച്ച് നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ എടുത്തു. ഇറാഖിലെ പുതിയ രാഷ്ട്രീയ സാഹചര്യം അറബ് ലോകത്തെയും ഗള്‍ഫിലെയും ഭരണാധികാരികള്‍ ആശങ്കയോടെയാണ് കാണുന്നത്...

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇറാഖ്. സൗദിയെ മറികടന്ന് ഇറാഖ് ഇക്കാര്യത്തില്‍ മുന്നേറുകയാണ്. അമേരിക്കന്‍ അധിനിവേശ കാലത്ത് ഇറാഖ് സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിരുന്നു. അധിനിവേശ ശക്തികള്‍ പിന്‍മാറിയ ശേഷമാണ് ഇറാഖ് വീണ്ടും അഭിവൃദ്ധിയിലേക്ക് തിരിച്ചെത്തിയത്. പക്ഷേ, അപ്പോഴും വെല്ലുവിളിയായിരുന്നു.

അധിനിവേശ ശക്തികള്‍ പിന്‍മാറിയെങ്കിലും ഇറാഖ് ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഭൂമിയായി. ഭീകര സംഘടനയായ ഐസിസിന്റെ ഉദയമുണ്ടായി. ഇവരെ തുരത്താന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വന്നു. അമേരിക്കന്‍ അധിനിവേശാനന്തരം ഇറാഖില്‍ ഭരണത്തിലെത്തിയത് ഷിയാ വിഭാഗക്കാരാണ്. സദ്ദാം ഹുസൈന്റെ കാലത്ത് നേരിട്ട എല്ലാ ക്രൂരതകള്‍ക്കും ഇവര്‍ മറുപടി ചോദിക്കാന്‍ തുടങ്ങി. ഇതാണ് സംഘര്‍ഷത്തിലേക്ക് വഴി മാറിയത്. എരിതീയില്‍ എണ്ണയൊഴിച്ച് അമേരിക്കയും കൂടെ ചേര്‍ന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഇറാഖില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഷിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യമാണ് കൂടുതല്‍ സീറ്റ് പിടിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് സര്‍ക്കാരുണ്ടായില്ല. മറ്റു കക്ഷികള്‍ അംഗീകരിക്കാത്തതിനാല്‍ ഫലം അട്ടിമറിക്കപ്പെട്ടുവെന്ന് സദറിന്റെ അനുകൂലികള്‍ പറയുന്നു. ശേഷം ഏതാനും പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മുന്നണിയാണ് ഭരണത്തിലെത്തിയത്.

മുസ്തഫ അല്‍ ഖാദിമിയാണ് ഇറാഖില്‍ നിലവിലെ പ്രധാനമന്ത്രി. എല്ലാ പ്രക്ഷോഭകരും പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒഴിഞ്ഞുപോകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പദം ഊഴം വച്ച് കൈകാര്യം ചെയ്യാന്‍ നേരത്തെ സഖ്യകക്ഷികള്‍ തീരുമാനിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനുള്ള നീക്കം നടക്കുന്നതില്‍ പ്രതിഷേധിച്ചാണ് സദറിന്റെ അനുകൂലികള്‍ ഇപ്പോള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയത്.

തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ ഞങ്ങള്‍ക്ക് ഭരണം കിട്ടണമെന്നാണ് സദറിന്റെ വാദം. എന്നാല്‍ ഇത് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മറുപക്ഷത്തുള്ള പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സദര്‍ തയ്യാറായതുമില്ല. ഇതാണ് രഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്. ഇറാനുമായി അടുപ്പമുള്ള മുഹമ്മദ് അല്‍ സുദാനിയെ പുതിയ പ്രധാനമന്ത്രിയാക്കാനാണ് നീക്കം. ഇത് സദര്‍ എതിര്‍ക്കുന്നു.

വ്യത്യസ്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ ലോക മാധ്യമങ്ങളില്‍ ഇടംപിടിച്ച രാജ്യമാണ് ഇറാഖ്. 2019ല്‍ സര്‍ക്കാരിന്റെ അഴിമതി ചോദ്യം ചെയ്ത് ജനക്കൂട്ടം തെരുവിലിറങ്ങിയതിനെ സൈന്യമാണ് നേരിട്ടത്. അഞ്ഞൂറോളം പേരുടെ മരണത്തിനിടയാക്കി ഈ സമരം. സദര്‍ അനുകൂലികള്‍ 2016ലും പാര്‍ലമെന്റ് മന്ദിരം കൈയ്യേറിയിരുന്നു. സായുധ സംഘങ്ങളുടെ പിന്തുണയും സദറിനുണ്ട്.

പുതിയ സമരം ഇറാഖിനെ വീണ്ടും സാമ്പത്തികമായി പിന്നോട്ടടിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണയ്ക്ക് കൂടുതലായി ആശ്രയിക്കുന്ന രാജ്യം കൂടിയാണ് ഇറാഖ്. ഇവിടെ ആഭ്യന്തര സംഘര്‍ഷമുണ്ടാകുന്നത് ആഗോള എണ്ണ വിപണിയെ ബാധിക്കും. എണ്ണവില ഉയരുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുകയും ചെയ്യും.












Click it and Unblock the Notifications