മസ്കറ്റ് ഡ്യൂട്ടി ഫ്രീ ക്യാഷ് റാഫിൾ; 83 ലക്ഷത്തിന്റെ സമ്മാനം മലയാളിക്ക്
ഒമാൻ: മസ്‌കത്ത് ഡ്യൂട്ടി ഫ്രീ 'ക്യാഷ് റാഫിൽ' നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം. കോട്ടയം സ്വദേശി മനോജ് മാത്യു ജോൺ ആണ് നറുക്കെടുപ്പിൽ വിജയിയായത്. ഒരുലക്ഷം യുഎസ് ഡോളർ ആണ് മാത്യുവിന് സമ്മാനമായി ലഭിച്ചത്. അതായത് 83.12 ലക്ഷം ഇന്ത്യൻ രൂപ. അപ്രതീക്ഷിതമായ കൈവന്ന സമ്മാനത്തിന്റെ സന്തോഷത്തിലാണ് മാത്യു.
2002 മുതൽ സാൻഡ് റോസ് ട്രേഡിങ്ങിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു മാത്യു. സുഹൃത്തിന്റെ മകന്റെ വിവാഹത്തിനായി മസ്‌കത്ത് എയർപോർട്ട് വഴി യാത്ര ചെയ്തപ്പോഴായിരുന്നു മാത്യു ടിക്കറ്റ് സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം 6 റാഫിൾ ടിക്കറ്റുകൾ മാത്യു വാങ്ങിയിരുന്നു. ഇതിൽ ആറാമത്തെ ടിക്കറ്റിനാണ് മാത്യുവിനെ തേടി സമ്മാനമെത്തിയത്. സമ്മാനത്തുക കുടുംബത്തിന് വേണ്ടി ചെലവഴിക്കുമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും മാത്യു പറഞ്ഞു.
മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ സിഇഒ റിനാറ്റ് വിജയിക്കുള്ള സമ്മാനത്തുക കൈമാറി. ചടങ്ങിൽ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. 'ക്യാഷ് റാഫിൽ' നറുക്കെടുപ്പിൽ സ്ഥിരമായി മലയാളികൾക്ക് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും മസ്‌കത്ത് ഡ്യൂട്ടി ഫ്രീ പ്രതിനിധി ജയശങ്കർ പറഞ്ഞു. ലോകോത്തര നിലവാരമുള്ള എല്ലാവിധ സാധനങ്ങളും മസ്‌കത്ത് ഡ്യൂട്ടി ഫ്രീയിൽ ഉണ്ടെന്നും അധികൃതർ പറഞ്ഞു.
ഉപഭോക്താക്കൾക്ക് മസ്‌കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് സന്ദർശിക്കുമ്പോഴോ അല്ലെങ്കിൽ www.muscatdutyfree.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായോ ടിക്കറ്റ് വാങ്ങാൻ സാധിക്കും.












Click it and Unblock the Notifications