'മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടി; നിങ്ങള്‍ അവരെ ശരിക്ക് പഠിച്ചിട്ടില്ലെന്ന്'രാഹുല്‍ ഗാന്ധി
വാഷിംഗ്ടണ്‍: കേരളത്തിലെ മുസ്ലീം ലീഗ് പൂര്‍ണമായും ഒരു മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക സഖ്യകക്ഷി കൂടിയാണ് മുസ്ലീം ലീഗ്.
'പൂര്‍ണമായും മതേതര പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അവരുടെ കാര്യത്തില്‍ മതേതരത്തിന് എതിരെ നില്‍ക്കുന്ന യാതൊന്നുമില്ല. ഈ ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടര്‍, മുസ്ലീം ലീഗിനെ ശരിയായി പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും' രാഹുല്‍ പറഞ്ഞു'.

അതേസമയം പ്രതിപക്ഷ ഐക്യത്തെ കുറിച്ചും രാഹുല്‍ സംസാരിച്ചു. 'പ്രതിപക്ഷ പാര്‍ട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട് കോണ്‍ഗ്രസ്. കുറച്ച് നല്ല കാര്യങ്ങള്‍ ആ വിഷയത്തില്‍ നടക്കുന്നുണ്ടെന്നും' അദ്ദേഹം വ്യക്തമാക്കി'.
മുസ്ലീം ലീഗിനെ മതേതര പാര്‍ട്ടിയെന്ന് വിളിച്ചതിനെതിരെ ബിജെപി നേതാവ് അമിത് മാളവ്യയും രാഹുലിനെ വിമര്‍ശിച്ചു. 'ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരായ ജിന്നയുടെ മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് മതേതര പാര്‍ട്ടിയാണ്. ഇക്കാരണം കൊണ്ടാണ് വയനാട്ടില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടതെന്നും' അമിത് മാളവ്യ പറഞ്ഞു.
ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. 'നിങ്ങള്‍ വിദ്യാഭ്യാസമില്ലാത്തയാളാണോ; ജിന്നയുടെ മുസ്ലീം ലീഗും, കേരളത്തിലെ മുസ്ലീം ലീഗും തമ്മിലുള്ള വ്യത്യസം നിങ്ങള്‍ക്കറിയില്ലേ. ആദ്യം പറഞ്ഞ മുസ്ലീം ലീഗുമായിട്ടാണ് നിങ്ങളുടെ പൂര്‍വികര്‍ സഖ്യമുണ്ടാക്കിയത്. രണ്ടാമത്തെ പാര്‍ട്ടിയുമായിട്ടാണ് ഇപ്പോഴത്തെ ബിജെപി ബന്ധപ്പെട്ടതെന്നും' പവന്‍ ഖേര പറഞ്ഞു. 2012ല്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രണ്ട് മുസ്ലീം ലീഗ് നേതാക്കളെ പാര്‍ട്ടിയില്‍ എടുക്കുന്ന ചര്‍ച്ചകള്‍ നടന്നതിനെ സൂചിപ്പിച്ചായിരുന്നു പവന്‍ ഖേരയുടെ വിമര്‍ശനം.
അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനൊപ്പമാണ് താനെന്ന് രാഹുല്‍ വ്യക്തമാക്കി. 'റഷ്യയുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ട്. അവരെ ചില കാര്യങ്ങളില്‍ ആശ്രയിക്കേണ്ടതുണ്ട്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ എടുത്ത അതേ തീരുമാനം തന്നെയാണ് എനിക്കുമുള്ളത്. ഇന്ത്യയുടെ താല്‍പര്യം വളരെ പ്രധാനപ്പെട്ടതാണെന്നും' അദ്ദേഹം പറഞ്ഞു.
'ഇന്ത്യയും യുഎസ്സും തമ്മിലുള്ള ബന്ധവും വളരെ നിര്‍ണായകമാണ്. പ്രതിരോധ ബന്ധം ശക്തമാകേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. മറ്റ് മേഖലകളിലും സഹകരണമാവാമെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം വളരെയധികം ആവശ്യമാണ്. എന്നാല്‍ അതെല്ലാം ഇപ്പോഴത്തെ ഇന്ത്യയില്‍ കുറഞ്ഞ് വരികയാണെന്നും' രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications