അബ്രഹാം ഉടമ്പടിയിൽ ചേർന്നേ പറ്റൂ, ഗൾഫ് രാജ്യങ്ങൾക്കും ഇറാനും മേൽ സമ്മർദ്ദം ശക്തമാക്കി ഡൊണാൾഡ് ട്രംപ്
ഗൾഫ് രാജ്യങ്ങൾക്കും ഇറാനും മേൽ അബ്രഹാം ഉടമ്പടിയിൽ ചേരാൻ സമ്മർദ്ദം ശക്തമാക്കി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ഉന്നതതല ചർച്ചകൾക്കിടെ, നിരവധി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രത്തലവന്മാരോട് അബ്രഹാം ഉടമ്പടിയിൽ ഒപ്പിടാൻ താൻ ആവശ്യപ്പെട്ടതായി ഡോണൾഡ് ട്രംപ് അറിയിച്ചു. ടെഹ്‌റാനുമായി ഒരു കരാർ സാധ്യമായില്ലെങ്കിൽ മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാന കരാർ അന്തിമമാക്കുകയാണെങ്കിൽ ഇറാനും ഉടമ്പടിയുടെ ഭാഗമാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ടെഹ്‌റാനുമായുള്ള സമാധാന കരാറിനെ പശ്ചിമേഷ്യയിലെ വലിയ നയതന്ത്ര നീക്കങ്ങളുമായി ബന്ധപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്. സൗദി, ഖത്തർ, പാകിസ്താൻ അടക്കമുളള രാജ്യങ്ങളെ അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ നിർദേശം.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു കുറിപ്പിൽ, ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു എന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഒരു കരാറിലെത്തുന്നതിൽ പരാജയപ്പെട്ടാൽ മുമ്പെങ്ങുമില്ലാത്തവിധം വലുതും ശക്തവുമായ യുദ്ധക്കളത്തിലേക്കും വെടിവെപ്പിലേക്കും മേഖലയെ അത് തള്ളിവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി, പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ-സിസി, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവരുൾപ്പെടെ നിരവധി മുസ്ലീം രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.
ഇറാനുമായുള്ള സമാധാന ഉടമ്പടി യാഥാർത്ഥ്യമായാൽ, ഈ ചർച്ചകളിൽ പങ്കെടുത്ത രാജ്യങ്ങൾ അബ്രഹാം ഉടമ്പടിയിൽ നിർബന്ധമായും ഒപ്പിടേണ്ടതുണ്ടെന്ന് താൻ നേതാക്കളോട് പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തി. ആദ്യ ഭരണകാലത്ത് രൂപംകൊണ്ട അബ്രഹാം ഉടമ്പടി, യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് സാമ്പത്തിക, സാമൂഹിക അഭിവൃദ്ധി നൽകിയിട്ടുണ്ടെന്നും ട്രംപ് വാദിച്ചു.
"സൗദി അറേബ്യയും ഖത്തറും ഉടനടി ഒപ്പിടുന്നതിലൂടെ ഇത് ആരംഭിക്കുകയും മറ്റെല്ലാവരും അതിനെ പിന്തുടരുകയും വേണം," ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു. വാഷിംഗ്ടണുമായി ഇറാൻ ഒരു സമാധാന കരാർ അന്തിമമാക്കിയാൽ, ഇറാനെയും ഉടമ്പടിയുടെ ഭാഗമാക്കുന്നത് പരിഗണിക്കാമെന്നും ട്രംപ് വിശദീകരിച്ചു.
"മേൽപ്പറഞ്ഞ നിരവധി മഹത്തായ നേതാക്കളുമായി സംസാരിച്ചപ്പോൾ, ഞങ്ങളുടെ രേഖ ഒപ്പിട്ടാലുടൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ അബ്രഹാം ഉടമ്പടിയുടെ ഭാഗമാക്കുന്നതിൽ അവർക്ക് അഭിമാനമുണ്ടായിരിക്കുമെന്ന് അവർ അറിയിച്ചു," ട്രംപ് കൂട്ടിച്ചേർത്തു.
2020-ൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടി, ഇസ്രയേലും നിരവധി അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ സഹായിച്ചു. എന്നാൽ, പലസ്തീൻ പ്രശ്നത്തിലെ പരിഹാരം കാണാത്തതിനാൽ സൗദി അറേബ്യ, ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ പ്രധാന പ്രാദേശിക ശക്തികൾ ഇതുവരെ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്.
ഇറാന്റെ സമാധാന കരാറിനെ ഇസ്രയേലിന് അതീവ പ്രയോജനകരമായ ഒരു പുതിയ യുഎസ് പിന്തുണയുള്ള ക്രമീകരണത്തിലേക്ക് മാറ്റാനുള്ള നയതന്ത്ര നീക്കമായാണ് ട്രംപിന്റെ ഈ ശ്രമം വിലയിരുത്തപ്പെടുന്നത്. അക്സിയോസിന്റെ റിപ്പോർട്ട് പ്രകാരം, ഉന്നതതല കോൺഫറൻസ് കോളിൽ ട്രംപിന്റെ നിർദ്ദേശത്തിന് പല നേതാക്കളിൽ നിന്നും നിശബ്ദതയാണ് ലഭിച്ചത്.
ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്ത സൗദി അറേബ്യ, ഖത്തർ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ നേതാക്കൾ ഈ നിർദ്ദേശത്തിൽ അമ്പരന്നതായും റിപ്പോർട്ടിൽ പറയുന്നു. "അവർ ഇപ്പോഴുമുണ്ടോ എന്ന് ട്രംപ് തമാശയായി ചോദിച്ചു," ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അക്സിയോസ് കൂട്ടിച്ചേർത്തു.
കൂടുതൽ രാജ്യങ്ങളെ ഈ ചട്ടക്കൂടിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തന്റെ ഭരണകൂടം പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. ഇസ്രയേലുമായുള്ള ദീർഘകാല സംഘർഷം കാരണം, ഇറാനെ ഈ ചട്ടക്കൂടിൽ ഉൾപ്പെടുത്തുന്നത് സാധ്യതയില്ലാത്തതും എന്നാൽ നാടകീയമായ ഒരു മാറ്റത്തിനുമാണ് വഴിവെയ്ക്കുക.













Click it and Unblock the Notifications