മ്യാന്മറില്‍ ഉഗ്ര സ്‌ഫോടനം; 45 മരണം, നിരവധി പേര്‍ക്ക് പരിക്ക്, സംഭവം ചൈന അതിര്‍ത്തിയില്‍
മ്യാൻമറിൻ്റെ വടക്കുകിഴക്കൻ മേഖലയിലെ നാംകാം ടൗൺഷിപ്പിലുള്ള കൗങ്തുപ് ഗ്രാമത്തിൽ ഉഗ്ര സ്ഫോടനം. ഖനനാവശ്യങ്ങൾക്കായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. 45-ൽ അധികം പേർ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചൈനീസ് അതിർത്തിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ തെക്കുള്ള ഈ പ്രദേശം, മ്യാൻമർ സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ടാങ് നാഷണൽ ലിബറേഷൻ ആർമിയുടെ (TNLA) നിയന്ത്രണത്തിലാണ്. ആറ് കുട്ടികളടക്കം 46 മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരണത്തിനായി മാറ്റിയിട്ടുണ്ടെന്നാണ് അധികൃതര് പറയുന്നത്.

ഏകദേശം 40 പേർ കൊല്ലപ്പെട്ടതായും നൂറിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും നാംകാമിൽ നിന്നുള്ള രക്ഷാപ്രവർത്തകൻ പറഞ്ഞു. മരണസംഖ്യ 50 മുതൽ 55 വരെയാണെന്ന് മ്യാൻമർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് ശേഷമുള്ള പുക, തകർന്ന കെട്ടിടങ്ങൾ, അവശിഷ്ടങ്ങൾ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും അവർ പ്രസിദ്ധീകരിച്ചു. ചൈനീസ് ഔദ്യോഗിക ടെലിവിഷൻ ചാനലായ സിസിടിവി (CCTV), സ്ഫോടനത്തിൽ നിരവധി മരണങ്ങളും പരിക്കുകളും അനേകം താമസ വീടുകൾക്ക് ഗുരുതര നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു.
ഖനനപ്രവർത്തനങ്ങൾക്കായി വലിയ അളവിലുള്ള ജെല്ലിഗ്നൈറ്റ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് വിവരം. തങ്ങളുടെ സാമ്പത്തിക വിഭാഗം ഖനനത്തിനും കല്ലുവെട്ടുന്നതിനും ഉപയോഗിക്കാൻ ജെല്ലിഗ്നൈറ്റ് സൂക്ഷിച്ചിരുന്നുവെന്ന് TNLA ടെലിഗ്രാം ചാനലിൽ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
TNLA വിമതരായ ത്രീ ബ്രദർഹുഡ് അലയൻസിലെ അംഗമാണ്. 2023 അവസാനത്തോടെ വടക്കുകിഴക്കൻ മ്യാൻമറിൽ സൈന്യത്തിനെതിരെ സഖ്യകക്ഷികൾ ആക്രമണം തുടങ്ങിയതുമുതൽ നാംകാം പ്രദേശം TNLAയുടെ നിയന്ത്രണത്തിലാണ്. സ്വയംഭരണത്തിനായി ഈ സഖ്യകക്ഷികളും മറ്റ് സായുധ സംഘങ്ങളും ദീർഘകാലങ്ങളായി പോരാടുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ചൈനയുടെ മധ്യസ്ഥതയിൽ TNLAയും മ്യാൻമർ സൈന്യവുമായി വെടിനിർത്തൽ കരാർ ഒപ്പുവെച്ചെങ്കിലും, ബന്ധം ഇപ്പോഴും സംഘർഷഭരിതമാണ്. 2021 ഫെബ്രുവരി 1-ന് ഓങ് സാൻ സൂചിയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് സൈന്യം അധികാരം പിടിച്ചെടുത്തതുമുതൽ മ്യാൻമർ രാഷ്ട്രീയ അസ്ഥിരതയിലാണ്. സമാധാനപരമായ പ്രതിഷേധങ്ങളെ സൈന്യം അടിച്ചമർത്തിയതോടെ, സൈനിക ഭരണത്തിനെതിരായി പലരും ആയുധമെടുത്തു.















Click it and Unblock the Notifications