മ്യാൻമറിൽ ഡാം തകർന്ന് പ്രളയം.. 85 ഗ്രാമങ്ങൾ മുങ്ങി.. പലായനം ചെയ്ത് പതിനായിരങ്ങൾ, നിരവധി മരണം!
യാങ്കോണ്‍: കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഡാമുകളാണ് എന്ന ചര്‍ച്ച ഒരു വശത്ത് നടക്കുന്നുണ്ട്. എത്രമാത്രം സുരക്ഷിതമാണെന്ന് വാദിച്ചാലും ഡാമുകള്‍ അപകടകാരികള്‍ തന്നെയാണ് എന്നതിന് ഉദാഹരങ്ങളായ ദുരന്തങ്ങള്‍ ഏറെയുണ്ട്. മുല്ലപ്പെരിയാര്‍ ഡാം എത്രയോ നാളുകളായി കേരളത്തിന് ആശങ്ക മാത്രം നല്‍കുന്നു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഡാമുകളുടെ സുരക്ഷ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ ഞെട്ടിക്കുന്ന വാര്‍ത്തയാണ് മ്യാന്‍മറില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. മ്യാന്‍മറില്‍ ഡാം തകര്‍ന്ന് വന്‍ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്.

ഡാം തകർന്ന് പ്രളയം
മ്യാന്‍മറിലെ ബാഗോ പ്രവിശ്യയിലെ യെദാഷെ എന്ന നഗരത്തിലുള്ള സ്വാര്‍ ചൗങ് ഡാമാണ് കഴിഞ്ഞ ദിവസം തകര്‍ന്നിരിക്കുന്നത്. ഡാം തകര്‍ന്ന് വെള്ളം സുനാമി കണക്കെ കുത്തിയൊലിച്ച് വന്നതോടെ 85 ഗ്രാമങ്ങളാണ് വെള്ളത്തിന് അടിയിലായിരിക്കുന്നത്. ഒപ്പം സ്വാര്‍, യെദാഷെ നഗരങ്ങളും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു.
|
പതിനായിരങ്ങൾ ദുരിതത്തിൽ
ഡാം തകര്‍ന്നതോടെ പതിനായിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. 63,000ല്‍ അധികം ആളുകളെ വീടുകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. മുപ്പതോളം പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരെ വെളളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്.

ജനങ്ങളെ ഒഴിപ്പിച്ചില്ല
ജൂണ്‍ മാസം മുതല്‍ മ്യാന്‍മറില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും രാജ്യത്ത് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. 2001ല്‍ നിര്‍മ്മിക്കപ്പെട്ട സ്വാര്‍ ചൗങ് അണക്കെട്ട് തിങ്കളാഴ്ച സംഭരണ ശേഷിയും കഴിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു. എന്നാല്‍ ജനങ്ങളെ ഡാം പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചിരുന്നില്ല.
|
അധികൃതരുടെ അനാസ്ഥ
അപകടമൊന്നും ഉണ്ടാവില്ല എന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍ പിന്നീട് അണക്കെട്ടിന്റെ സ്പില്‍ വേയില്‍ ഒന്ന് തകര്‍ന്നതോടെ വെള്ളം പുറത്തേക്ക് കുത്തിയൊഴുകി. പുലര്‍ച്ചെ 5.30തോടു കൂടിയാണ് ഡാം തകര്‍ന്നത്. വീടുകളും പാടങ്ങളും മറ്റ് കെട്ടിടങ്ങളും ഉള്‍പ്പെടെ എല്ലാം വെള്ളത്തിന് അടിയിലായി. പ്രദേശത്ത് ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

ഒറ്റപ്പെട്ട് തലസ്ഥാനം
അഗ്നിശമന സേനയും സൈന്യവും മേഖലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. തകര്‍ന്ന ഡാമിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പാലങ്ങളും റോഡുകളും തകര്‍ന്നതോടെ തലസ്ഥാന നഗരമായ നയ്പിറ്റോയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുവരെയുള്ള മഴദുരന്തത്തില്‍ മ്യാന്‍മറില്‍ രണ്ട് ലക്ഷത്തോളം പേരാണ് ഭവനരഹിതരായിരിക്കുന്നത്.












Click it and Unblock the Notifications