'സോഷ്യല്‍ മീഡിയ നിരോധനം എന്തിന്, ഞാന്‍ വിപിഎന്നിലൂടെ ഉപയോഗിക്കുന്നു': നമല്‍ രജപക്‌സെ
കൊളംബോ: രാജ്യത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെ വിലക്ക് പുനപരിശോധിക്കണമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെ. ഈ രീതിയിലുള്ള നിരോധനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നമല്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാമൂഹ്യ മാധ്യമങ്ങളെ നിരോധിക്കുന്ന തീരുമാനത്തോട് ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. ഞാന്‍ വിപിഎന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്. വിപിഎന്‍ വഴി ഉപയോഗിക്കുമ്പോള്‍ ഈ തീരുമാനം തികച്ചും അടിസ്ഥാനമില്ലാത്തതാണ്. അധികൃതരോട് തീരുമാനത്തില്‍ വീണ്ടും പുനര്‍ചിന്തനം നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ശ്രീലങ്കയില്‍ സോഷ്യല്‍ മീഡിയ നിരോധനം ഞായറാഴ്ച മൂന്നരയോടെ നീക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സആപ്പ്, യുട്യൂബ് എന്നീ ആപ്ലിക്കേഷനുകളാണ് ശ്രീലങ്കയില്‍ നിരോധിച്ചത്. തെറ്റായ വിവരങ്ങള്‍ പങ്കുവക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
ശ്രീലങ്കയില്‍ ജനം നേരിടുന്ന വൈദ്യുതി ക്ഷാമവും പണപ്പെരുപ്പവും തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് 36 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം ശ്രീലങ്കയിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിശദീകരണവുമായെത്തി. മാധ്യമ റിപ്പോര്‍ട്ടുകളെ തള്ളുന്നതായിരുന്നു െൈഹക്കമ്മിഷന്റെ പരാമര്‍ശം. ട്വിറ്ററിലൂടെയാണ് ഹൈക്കമ്മിഷന്‍ മാധ്യമ വാര്‍ത്തകളെ നിഷേധിച്ചത്. നിരുത്തരവാദപരമായ റിപ്പോര്‍ട്ടിംഗിനെ ഹൈക്കമ്മീഷന്‍ ശക്തമായി അപലപിക്കുന്നു, ബന്ധപ്പെട്ടവര്‍ ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈക്കമ്മീഷന്റെ പ്രസ്താവനയില്‍ പറഞ്ഞു.
കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയിലേക്ക് ഡീസല്‍ ഇന്ത്യ കൈമാറി. 40,000 മെട്രിക് ടണ്‍ ഡീസലാണ് ശനിയാഴ്ച ഇന്ത്യ ശ്രീലങ്കക്ക് നല്‍കിയത്. നിയന്ത്രണരേഖയ്ക്ക് കീഴില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുന്ന നാലാമത്തെ ലോഡ് ചരക്കാണിത്. കഴിഞ്ഞ 50 ദിവസത്തിനിടെ ഇന്ത്യയുടെ ശേഖരത്തില്‍ നിന്നും 2,00,000 ടണ്‍ ഇന്ധനമാണ് ശ്രീലങ്കന്‍ ജനതക്കായി ഇന്ത്യ കൈമാറിയത്.
സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 36 മണിക്കൂര്‍ നേരത്തെക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കൊളംബോയില്‍ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് നടപടി. നേരത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications