നരേന്ദ്ര മോദി ഖത്തര്‍ അമീറിനെ വിളിച്ചു; ഇന്ത്യയിലേക്ക് വന്‍തോതില്‍ നിക്ഷേപം വരുമെന്ന് പ്രതീക്ഷ
ദില്ലി/ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ചര്‍ച്ച നടത്തി. ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രധാനമായും വിഷയമായത് ഇന്ത്യയിലെ നിക്ഷേപമാണ്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയെ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ക്ഷണിക്കുകയായിരുന്നു മോദി. ഇരുരാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക നിക്ഷേപ വിഷയത്തില്‍ ഊര്‍ജിത നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും തീരുമാനിച്ചു.

ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഏറ്റവും കൂടുതല്‍ പ്രകൃതി വാതകമുള്ള രാജ്യവും ഖത്തറാണ്. അതുകൊണ്ടുതന്നെ ഖത്തറുമായുള്ള സൗഹൃദം ഇന്ത്യയ്ക്ക് ഏറെ നേട്ടമാകും. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യം കൂടിയാണ് ഖത്തര്‍. ഖത്തര്‍ ദേശീയ ദിനത്തിന് മോദി ആശംശ അറിയിച്ചു. ഖത്തര്‍ ദേശീയ ദിനത്തില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തവും അമീര്‍ എടുത്തു പറഞ്ഞു. നിക്ഷേപം, ഊര്‍ജ സുരക്ഷ എന്നീ കാര്യങ്ങളാണ് ഇരുരാഷ്ട്ര നേതാക്കളുടെയും സംഭാഷണത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.
അതേസമയം, ഗള്‍ഫ് മേഖലയുമായി ഇന്ത്യ കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നു എന്ന സൂചനകളാണ് വരുന്നത്. നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യന്‍ കരസേനാ മേധാവി യുഎഇയിലെത്തിയിരിക്കുകയാണ്. അദ്ദേഹം സൗദി അറേബ്യയും സന്ദര്‍ശിക്കും. ഇന്ത്യന്‍ സേനാ മേധാവി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. സാധാരണ പശ്ചാത്തലത്തില്‍ നടക്കാത്ത കാര്യമാണിത്.
പാകിസ്താന് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് ഇന്ത്യയുടെ നീക്കം. യുഎഇ, സൗദി അറേബ്യ എന്നിവരുമായി പാകിസ്താന്‍ ഉടക്കി നില്‍ക്കവെയാണ് ഇന്ത്യയുടെ ഇടപെടല്‍. ഗള്‍ഫ് മേഖലയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യ ലോകത്തെ പ്രധാന വിപണിയായതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രത്യേക താല്‍പ്പര്യവും ഇക്കാര്യത്തിലുണ്ട്.












Click it and Unblock the Notifications