നരേന്ദ്ര മോദി ഈജിപ്തില്‍: ഗ്രാൻഡ് മുഫ്തി ഷാക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാമുമായി കൂടിക്കാഴ്ച നടത്തി
കെയ്റോ: ഈജിപ്ഷ്യന്‍ ഗ്രാൻഡ് മുഫ്തി ഷാക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാമുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദത്തെയും തീവ്രവൽക്കരണത്തെയും പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ചർച്ചയായതെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഈജിപ്തിന്റെ സാമൂഹിക മന്ത്രാലയത്തിന് കീഴിൽ ഇസ്ലാമിക നിയമ ഗവേഷണത്തിനുള്ള ഉപദേശക സമിതിയായ ദാർ-അൽ-ഇഫ്തയിൽ ഇന്ത്യ ഒരു സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുമെന്ന് നരേന്ദ്ര മോദി ഗ്രാൻഡ് മുഫ്തിയെ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് നരേന്ദ്ര മോദി ഈജിപ്തിലെത്തിയിരിക്കുന്നത്. കയ്റോ വിമാനത്താവളത്തില്‍ ഈജിപ്ത് പ്രധാനമന്ത്രി മുസ്‍തഫ മദ്ബൗലി മോദിയെ സ്വീകരിച്ചു.

'ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. സാമൂഹികവും മതപരവുമായ സൗഹാർദ്ദവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തീവ്രവാദത്തെയും തീവ്രവൽക്കരണത്തെയും പ്രതിരോധിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു' മോദി-ഗ്രാൻഡ് മുഫ്തി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സമഗ്രതയും ബഹുസ്വരതയും വളർത്തിയെടുക്കുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ഗ്രാൻഡ് മുഫ്തി അഭിനന്ദിച്ചതായും അരിന്ദം ബാഗ്ചി പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച വളരെ ഊഷ്മളത നിറഞ്ഞതായിരുന്നുവെന്ന് ഗ്രാന്‍ഡ് മുഫ്തിയും വ്യക്തമാക്കി. 'പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. വളരെ രസകരവും മനോഹരവുമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. വാസ്തവത്തിൽ, ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തെ സംബന്ധിച്ച് അദ്ദേഹം ബുദ്ധിമാനായ ഒരു നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു' ഗ്രാൻഡ് മുഫ്തി പറഞ്ഞു.
നേരത്തെ ഡൽഹിയിൽ നടന്ന സൂഫി സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'രണ്ട് കൂടിക്കാഴ്ചകൾക്കിടയിൽ, ഇന്ത്യയിൽ ഒരു വലിയ വികസനം നടക്കുന്നുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം ഇന്ത്യയിൽ മികച്ച രീതിയില്‍ പ്രവർത്തിക്കുന്നുവെന്നാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രി മോദി സ്വീകരിക്കുന്ന ബുദ്ധിപരമായ നയങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു, 'അദ്ദേഹം പറഞ്ഞു.
അതേസമയം, 26 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിലെത്തുന്നത്. ഞായറാഴ്ച പ്രസിഡന്റ് അബ്ദേൽ അൽ സിസിയുമായി പ്രധാനമന്ത്രി ചർച്ചനടത്തും. ഒന്നാംലോകയുദ്ധത്തിൽ ഈജിപ്തിൽവെച്ച് കൊല്ലപ്പെട്ട 3799 ഇന്ത്യൻ സൈനികരുടെ ഓർമയ്ക്കായി നിർമിച്ച ഹീലിയോപോളിസ് യുദ്ധസ്മാരകം, 11-ാം നൂറ്റാണ്ടിൽ നിർമിച്ച അൽ ഹക്കീം മോസ്ക് എന്നിവ മോദി സന്ദർശിക്കും.












Click it and Unblock the Notifications