സ്വച്ഛ് ഭാരത്: ഹിലാരി ക്ലിന്റണും മോദിയുടെ ഫാനായി!
വാഷിംഗ്ടണ്‍: എന്‍ ഡി എ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് അമേരിക്കയില്‍ നിന്നും ഒരഭിനന്ദനം. മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും ബില്‍ ക്ലിന്റന്റെ ഭാര്യയുമായ ഹിലാരി ക്ലിന്റനാണ് വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ കെട്ടിപ്പെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു രംഗത്തെത്തിയത്.
ഞാനും ഭര്‍ത്താവ് ബില്‍ ക്ലിന്റണും ചേര്‍ന്ന് അടുത്തിതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. വൃത്തിയും വെടിപ്പും പോലുള്ള അടിസ്ഥാന കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധാലുവാണ് അദ്ദേഹം. വൃത്തിയില്ലെങ്കില്‍, പെണ്‍കുട്ടികള്‍ വളരുന്തോറും സ്കൂളുകളില്‍ പോകാന്‍ പറ്റില്ല. സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും ഏറെ നേരം വിട്ടുനില്‍ക്കാന്‍ പറ്റില്ല. ഇത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന് സ്വാഗതാര്‍ഹമാണ്.
മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ജനങ്ങളില്‍ 90 ശതമാനത്തോളം പേരും സ്ത്രീകളാണ് എന്നാണ് ഏഷ്യയില്‍ നിന്നുള്ള ഒരു സര്‍വ്വേ പറയുന്നത്. ഇത്രമാത്രം സ്ത്രീകള്‍ക്ക് ഉപയോഗിക്കാനുള്ള ടോയ്ലെറ്റുകള് ഇവിടെയില്ല. ഇത്തരം കാര്യങ്ങളാണ് ചിന്തിക്കേണ്ടത്. വൃത്തിയും വെടിപ്പുമില്ലാത്ത ഇത്തരം സ്ഥലങ്ങളില്‍ കുട്ടികളുടെ സുരക്ഷയും ഉണ്ടാകില്ല.
ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയപ്പോഴാണ് നരേന്ദ്ര മോദി മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റനെയും ഹിലാരിയെയും സന്ദര്‍ശിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനെ നേരത്തെ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സും പ്രശംസിച്ചിരുന്നു.