ഇതുവരെ കണ്ടതൊന്നുമല്ല, വരാനിരിക്കുന്നതാണ് ഭീഷണി, 2024ല്‍ വരുന്നത് സോളാര്‍ മാക്‌സിമം
വാഷിംഗ്ടണ്‍: സൂര്യനിലെ വിസ്‌ഫോടനങ്ങള്‍ തുടര്‍ച്ചയായി നടന്ന വര്‍ഷമാണ് 2023. എന്നാല്‍ ഇത് പല മടങ്ങായി വര്‍ധിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 2024ല്‍ സൂര്യന്റെ കോപം ഭൂമി അറിയേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇപ്പോഴത്തെ സൂര്യനില്‍ നിന്ന് വ്യത്യസ്തമായ രാക്ഷസ രൂപത്തിലേക്ക് ഈ കാലയളവില്‍ മാറുമെന്നാണ് മുന്നറിയിപ്പ്.
ഇതിലൂടെ രാക്ഷസ തീജ്വാലകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ വന്ന് പതിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സൂര്യന്റെ ശാന്തത മാറുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകത്തെ ഇന്റര്‍നെറ്റ് ശൃംഖലകളെയും, ജിപിഎസ് സംവിധാനത്തെയും എല്ലാം ഇവ നശിപ്പിക്കും.

ആഴ്ച്ചകളോളം ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. ലോകം തന്നെ അതിലൂടെ നിശ്ചലമാകും. ലോകത്ത് പല സര്‍വീസുകളും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ട്രാഫിക് സിഗ്നലുകളില്‍ പോലും സാങ്കേതികവിദ്യ അനിവാര്യമാണ്. ഇവ എല്ലാം തടസ്സപ്പെട്ടാല്‍ റോഡില്‍ വലിയ അപകടങ്ങള്‍ക്ക് വരെ ഇത് കാരണമാകും. അമേരിക്ക, യൂറോപ്പ്യന്‍ രാജ്യങ്ങളിലെല്ലാം ഇത്തരം ട്രാഫിക് സംവിധാനങ്ങളാണ് ഉള്ളത്.
സൂര്യനിലെ ആക്ടിവിറ്റി സൈക്കിള്‍ ഏറ്റവും മൂര്‍ധന്യത്തിലെത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സോളാര്‍ മാക്‌സിമം എന്നാണ് ഇവ അറിയപ്പെടുന്നത്. 2024 ജനുവരിയിലെ തന്നെ ഇവ രൂപപ്പെടും. നാസ നേരത്തെ പ്രവചിച്ച കാര്യങ്ങള്‍ക്ക് നേരെ വിപരീതമാണ് ഇക്കാര്യങ്ങള്‍. 2025 അവസാനത്തില്‍ മാത്രമേ സോളാര്‍ മാക്‌സിമം സംഭവിക്കൂ എന്നായിരുന്നു നാസയുടെ പ്രവചനം.
ഓരോ പതിനൊന്ന് വര്‍ഷം കൂടുമ്പോഴും സൂര്യനിലെ പ്രവര്‍ത്തനം ഏറ്റവും രൂക്ഷമാകും. ഈ സമയം സൂര്യനില്‍ വിസ്‌ഫോടനങ്ങള്‍ സജീവമാകും. സൂര്യന്‍ അതിന്റെ പാതി ആയുസ്സ് പിന്നിട്ടതിനാലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സംഭവിക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷനുകള്‍ അഥവാ സോളാര്‍ മാഗ്നറ്റിക് സ്‌റ്റോംസ് എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്.
ഇവയുടെ തീജ്വാലകള്‍ നമ്മുടെ ഉപഗ്രഹങ്ങളെയും, വൈദ്യുത ഗ്രിഡുകളെയും, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളെയും താളം തെറ്റിക്കും. സൂര്യനില്‍ വിസ്‌ഫോടനത്തെ തുടര്‍ന്നുള്ള തീജ്വാലകള്‍ വരുമ്പോള്‍ ഭൂമിയുടെ മേല്‍ത്തട്ടിലെ പാളി കൂടുതല്‍ വികസിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ദിബ്യേന്ദു നന്ദി പറയുന്നത്.
ലോ എര്‍ത്ത് ഉപഗ്രങ്ങള്‍ക്ക് ഇത്തരം സൗരജ്വാലകള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. അതായത് ഉപഗ്രഹങ്ങളുടെ മൊത്തം ആയുസ്സിനെ തന്നെ ഇവ ബാധിക്കും. ഏറ്റവും തീവ്രമായ സൗരജ്വാലകളാണ് വലിയ നാശനഷ്ടങ്ങളുണ്ടാക്കുക. ആഴ്ച്ചകളോളം ഇവ നമ്മുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ ഇല്ലാതാക്കും.
റോയല്‍ ആസ്ട്രണോമിക്കല്‍ സൊസൈറ്റി ലെറ്റേഴ്‌സിന്റെ മന്ത്‌ലി നോട്ടീസസിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സോളാര്‍ സൈക്കിള്‍ പീക്ക് അതിവേഗം എത്തി കൊണ്ടിരിക്കുകയാണെന്ന് പഠനത്തില്‍ പറയുന്നു. ഇവര്‍ സോളാര്‍ സൈക്കിളുകള്‍ പ്രവചിക്കുന്നതിന് പുതിയൊരു സംവിധാനം കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്.


Click it and Unblock the Notifications