ഇസ്രായേലില്‍ ആളിക്കത്തി ജനരോഷം; പണിമുടക്ക് പൂര്‍ണം, നെതന്യാഹുവിനെതിരെ ജനങ്ങള്‍
ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങള്‍ സൈനികര്‍ കണ്ടെടുത്തതിന് പിന്നാലെ ഇസ്രായേലിലുടനീളം വന്‍ പ്രതിഷേധം. ഇസ്രായേല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണ് എന്ന് തെരുവിലിറങ്ങിയ പതിനായിരങ്ങള്‍ പറഞ്ഞു. ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സര്‍ക്കാരും വേണ്ടത്ര ശ്രമിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ടെല്‍ അവീവിലും ജറുസലേമിലും മറ്റ് നഗരങ്ങളിലും ഇസ്രായേലി പതാകകള്‍ ധരിച്ച നിരവധി പേര്‍ പ്രതിഷേധത്തിനായി ഇറങ്ങി. ഞായറാഴ്ചത്തെ പ്രതിഷേധങ്ങള്‍ ഏറെക്കുറെ സമാധാനപരമായിരുന്നെങ്കിലും തിങ്കളാഴ്ടച പ്രതിഷേധം ശക്തി പ്രാപിച്ചു. ജനക്കൂട്ടം പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ടെല്‍ അവീവിലെ ഒരു പ്രധാന ഹൈവേ തടഞ്ഞു. തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രട്ട് ബന്ദി ഉടമ്പടി വേണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ പൊതുപണിമുടക്കായിരുന്നു ഇത്. പൊതുപണിമുടക്കിനെ തുടര്‍ന്ന് ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം തുടങ്ങി രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വരെ തടസപ്പെട്ടു. ഇസ്രായേലിന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെന്‍-ഗൂറിയനിലെ എയര്‍ലൈനുകള്‍ രാവിലെ 8:00 നും 10:00 നും ഇടയില്‍ ഔട്ട്ഗോയിംഗ് ഫ്‌ലൈറ്റുകള്‍ നിര്‍ത്തിവച്ചു.
ബാങ്കുകളും ചില വലിയ മാളുകളും സര്‍ക്കാര്‍ ഓഫീസുകളും പണിമുടക്ക് കാരണം അടഞ്ഞുകിടക്കുകയും പൊതുഗതാഗതം പരിമിതപ്പെടുത്തുകയും ചെയ്തു. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേലിലെ ജനവാസ കേന്ദ്ര പ്രദേശത്തെ മുനിസിപ്പാലിറ്റികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇത് സ്‌കൂള്‍, ഡേകെയറുകള്‍, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
എന്നാല്‍, ജറുസലേം ഉള്‍പ്പെടെയുള്ള പല മുനിസിപ്പാലിറ്റികളും സമരത്തില്‍ പങ്കെടുത്തിരുന്നില്ല. തെക്കന്‍ ഗാസയിലെ റഫ മേഖലയിലെ ഭൂഗര്‍ഭ തുരങ്കത്തില്‍ നിന്ന് ശനിയാഴ്ച ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചിരുന്നു. കാര്‍മല്‍ ഗാറ്റ്, ഈഡന്‍ യെരുഷാല്‍മി, ഹെര്‍ഷ് ഗോള്‍ഡ്ബെര്‍ഗ്-പോളിന്‍, അലക്സാണ്ടര്‍ ലോബനോവ്, അല്‍മോഗ് സരുസി, മാസ്റ്റര്‍ സര്‍ജന്റ് ഒറി ഡാനിനോ എന്നിവരെയാണ് ബന്ദികളാക്കിയിരുന്നത്.
ശനിയാഴ്ച സൈന്യം എത്തുന്നതിന് തൊട്ടുമുമ്പ് അവര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. അതേസമയം പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. പൊലീസിന്റെ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റതായി ലേബര്‍ പാര്‍ട്ടി നിയമസഭാംഗമായ നാമ ലാസിമി ബിബിസിയോട് പറഞ്ഞു. ജറുസലേമില്‍ വന്‍ ജനക്കൂട്ടം പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് തടിച്ചുകൂടിയിരുന്നു.
ഗാസയില്‍ ബന്ദികളാക്കിയ ബാക്കിയുള്ളവരെ തിരികെ കൊണ്ടുവരാന്‍ നെതന്യാഹു ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബന്ദികളെ കൊലപ്പെടുത്തുന്നവരുമായി കരാര്‍ ആവശ്യമില്ല എന്നാണ് നെതന്യാഹുവിന്റെ പ്രതികരണം..












Click it and Unblock the Notifications