നാസിസം ജനിച്ചത് നിശബ്ദതയിലാണ്, ഇനിയും മിണ്ടാതിരിക്കരുത്; ജൂതന്‍മാരോട് സെലെന്‍സ്‌കി
കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ നിശബ്ദത വെടിയണമെന്ന് ജൂതന്‍മാരോട് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. ചൊവ്വാഴ്ച ബേബിന്‍ യാര്‍ ഹോളോകോസ്റ്റ് സ്മാരകത്തിന് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സെലെന്‍സ്‌കിയുടെ പ്രതികരണം. ഞാന്‍ ഇപ്പോള്‍ ലോകത്തിലെ എല്ലാ ജൂതന്മാരെയും അഭിസംബോധന ചെയ്യുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ?... നാസിസം ജനിച്ചത് നിശബ്ദതയിലാണ്. അതിനാല്‍ സാധാരണക്കാരെ കൊല്ലുന്നതിനെക്കുറിച്ച് ഇനിയെങ്കിലും പ്രതികരിക്കുക, സെലെന്‍സ്‌കിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച യുക്രൈനിലെ കീവിലുള്ള ബേബിന്‍ യാര്‍ ഹോളോകോസ്റ്റ് സ്മാരകത്തില്‍ റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരു സുരക്ഷാ സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി സ്മാരകത്തിന്റെ വക്താവ് പറഞ്ഞു. ബേബിന്‍ യാറിന്റെ അതേ സൈറ്റില്‍ ബോംബ് പതിക്കുമ്പോള്‍ ലോകം നിശബ്ദത പാലിച്ചാല്‍ എന്തു സംഭവിക്കുമെന്ന് സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. കുറഞ്ഞത് 5 പേര്‍ കൊല്ലപ്പെട്ടു. ചരിത്രം ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1941ല്‍ നഗരം നാസി അധിനിവേശത്തിന്‍ കീഴിലായിരുന്നപ്പോള്‍ കൊല്ലപ്പെട്ട 33,000-ലധികം ജൂതന്മാരുടെ കൂട്ടക്കുഴിമാടം ബേബിന്‍ യാര്‍ സ്മാരകത്തിലാണ് സ്ഥിതിചെയ്യുന്നത്. അതേസമയം ബേബിന്‍ യാര്‍ ഹോളോകോസ്റ്റ് സ്മാരകത്തിന് നേരെയപശ്‌സ ആക്രമണത്തെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് വിമര്‍ശിച്ചു. കീവിലെ ജൂതന്മാരുടെ കൂട്ടക്കൊലയുടെയും ബാബി യാറിലെ ജൂത ജനതയുടെ കൊലപാതകത്തിന്റെയും സ്മരണയ്ക്കായി സ്ഥാപിച്ച സ്മാരക സ്ഥലത്തിന് സമീപമുള്ള ജൂത സെമിത്തേരിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു. സ്ഥലത്തിന്റെ പവിത്രത സംരക്ഷിക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു, ലാപിഡ് പറഞ്ഞു.
യുക്രേനിയന്‍ അംബാസഡറുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്നും ജൂത സെമിത്തേരിയുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഇസ്രായേല്‍ സഹായിക്കുമെന്നും ലാപിഡ് കൂട്ടിച്ചേര്‍ത്തു. അതേസമയം യുദ്ധത്തിന്റെ ഏഴാം ദിവസമായ ഇന്നും റഷ്യ യുക്രൈനെതിരെ ആക്രമണം കടുപ്പിക്കുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന തകര്‍ത്തു. ഇതോടെ കീവിലെ ടിവി ചാനലുകളുടെ സംപ്രേഷണം നിലച്ചു. തുടര്‍ച്ചയായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ പ്രധാനപ്പെട്ട പല ടി വി ചാനലുകളുടേയും സംപ്രേഷണം മുടങ്ങിയിരിക്കുകയാണ്. കീവിലും കാര്‍ക്കീവിലും കനത്ത നാശനഷ്ടമാണ് റഷ്യന്‍ സൈന്യം വിതയ്ക്കുന്നത്.












Click it and Unblock the Notifications