നേപ്പാളില്‍ ഇന്നലെയുണ്ടായത് ശക്തമായ ഭൂകമ്പം; 125 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂകമ്പത്തില്‍ 125 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് നേപ്പാളില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ജജര്‍കോട്ട് ജില്ലയിലെ ലാമിദണ്ഡ മേഖലയാണ് എന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കുറഞ്ഞത് 34 പേരെങ്കിലും കൊല്ലപ്പെട്ടതായി ജജര്‍കോട്ടിലെ ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സമീപ പ്രദേശമായ രുക്കും വെസ്റ്റ് ജില്ലയില്‍ കുറഞ്ഞത് 35 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനുമായി രാജ്യത്തെ മൂന്ന് സുരക്ഷാ ഏജന്‍സികളെയും അണിനിരത്തിയതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലിന്റെ ഓഫീസ് അറിയിച്ചു.

എന്നാല്‍ പ്രാദേശിക മാധ്യമങ്ങള്‍ മരണസംഖ്യ 125 കടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. നാനൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2015 ന് ശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പമാണ് നേപ്പാളിലുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ദൈലേഖ്, സല്യാന്‍, റോള്‍പ ജില്ലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളില്‍ നിന്നും നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവര്‍ ജജാര്‍കോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഠ്മണ്ഡുവില്‍ നിന്ന് 500 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ജജാര്‍കോട്. ഹിമാലയന്‍ രാജ്യമായ നേപ്പാളില്‍ ഭൂചലനം സാധാരണമാണ്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളില്‍ ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. ഒക്ടോബര്‍ 3-ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളുടെ പരമ്പര നേപ്പാളിനെ ഞെട്ടിച്ചിരുന്നു.
അതേസമയം ഇന്നലെയുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ദല്‍ഹിയടക്കം ഉത്തരേന്ത്യയിലുടനീളം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രകമ്പനം ഒരു മിനിറ്റിലധികം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍ സി എസ്) ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
ഭൂകമ്പത്തില്‍ ഭയപ്പെട്ടവര്‍ പുറത്തേക്കിറങ്ങി. കെട്ടിടങ്ങളില്‍ വലിയ കുലുക്കം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 22 ന് നേപ്പാളിന്റെ തലസ്ഥാനത്തിനടുത്തുള്ള കുന്നിന്‍ പ്രദേശമായ ധാഡിംഗ് ജില്ലയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ചില തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു. നവംബറില്‍, ഡോട്ടി ജില്ലയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
2015 ല്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 12,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 1 ദശലക്ഷം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മേഖലയില്‍ ഉരുള്‍പൊട്ടലും ഉണ്ടായി. ഈ വര്‍ഷം ഒക്ടോബര്‍ 15 ന് ദല്‍ഹിയിലും എന്‍സിആറിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications