നേപ്പാളിൽ മിന്നൽ പ്രളയം, കണ്ടെത്തിയത് 95 മൃതദേഹങ്ങൾ, ഇന്ത്യക്കാരടക്കം 350ഓളം പേരെ കാണാനില്ല
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95 മരണം. നിരവധി ഗ്രാമങ്ങളും പ്രളയത്തില്‍ ഒലിച്ച് പോയി. കാണാതായവരില്‍ ഇന്ത്യക്കാരടക്കം 350ഓളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാളില്‍ വിനോദ സഞ്ചാരത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതല്‍ പേരും എന്നാണ് സൂചന. ടിബറ്റിന് സമീപത്തുളള ജലവൈദ്യുതി നിലയങ്ങളും റോഡുകളും പാലങ്ങളുമടക്കം പ്രളയത്തില്‍ തകര്‍ന്നു.
നേപ്പാളിനും ചൈനയ്ക്കും ഇടയിലുളള രസുവാ പ്രദേശത്താണ് മിന്നല്‍ പ്രളയം ഉണ്ടായത് എന്നും തൊട്ടടുത്തുളള ഗിറോംഗ് മേഖലയില്‍ ഗുരുതര നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാണാതായവരില്‍ മലേഷ്യയില്‍ നിന്നുളള 17 പേര്‍, ഇംഗ്ലണ്ടില്‍ നിന്നുളള 12 പേര്‍, അമേരിക്കയില്‍ നിന്നുളള 3 പേര്‍, ദക്ഷിണാഫ്രിക്കയില്‍ നിന്നുളള 4 പേര്‍, ആസ്‌ട്രേലിയയില്‍ നിന്നും നെതര്‍ലാന്‍ഡ്‌സില്‍ നിന്നു ഉളള ഓരോരുത്തരും ഉണ്ടെന്നാണ് വിവരം. അതേസമയം കാണാതായ മറ്റ് 103 പേര്‍ ഏത് രാജ്യത്ത് നിന്നുളളവരാണ് എന്നത് വ്യക്തമായിട്ടില്ല.

രാവിലെ 9 മണിയോടെയാണ് ഭോടെ കോശി നദിയില്‍ വെള്ളപ്പൊക്കമുണ്ടായത്. ടിബറ്റില്‍ നിന്നും പുറപ്പെടുന്ന നദിയില്‍ നിന്നും വെളളം കുത്തിയൊഴുകിയെത്തിയത് രാസുവ, ധാടിംഗ് ജില്ലകളെ പൂര്‍ണമായും മുക്കി. രാസുവ ജില്ലയില്‍ ഉണ്ടായ മഴയല്ല പ്രളയ കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതേസമയം മേഘവിസ്‌ഫോടനമാകാം മിന്നല്‍ പ്രളയത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
നേപ്പാള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെങ്കിലും വെള്ളം വളരെ ഉയരത്തില്‍ ആയതിനാല്‍ ഹെലികോപ്റ്ററുകള്‍ ദുരിതബാധിത പ്രദേശത്ത് ഇറക്കാന്‍ സാധിച്ചിരുന്നില്ല. രസുവ ജില്ലയില്‍ ഏകദേശം അന്‍പതിനായിരത്തോളമാണ് ജനസംഖ്യ. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറില്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications
