നേപ്പാള്‍ യാത്ര പോകുന്നോ? ഇന്ത്യന്‍ കറന്‍സിക്ക് ഇളവ് പ്രഖ്യാപിച്ചു, പുതിയ നിബന്ധന അറിയാം
കാഠ്മണ്ഡു: നേപ്പാളിലേക്ക് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ കറന്‍സികള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം നേപ്പാള്‍ ഭരണകൂടം നീക്കി. ഇനി മുതല്‍ ഇന്ത്യയുടെ 200, 500 രൂപാ നോട്ടുകള്‍ കൈവശം വെക്കാം. ഇതുവരെ 100 രൂപയ്ക്ക് മാത്രമാണ് ഇളവുണ്ടായിരുന്നത്. ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ 8 മുതല്‍ ഉണ്ടായിരുന്ന നിയന്ത്രണമാണ് നേപ്പാള്‍ നീക്കിയത്.
നിയന്ത്രണം നീക്കി എന്നു കരുതി എത്ര പണവും കൈവശം സൂക്ഷിക്കാം എന്ന് മനസിലാക്കരുത്. കൈവശം സൂക്ഷിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധിയും നേപ്പാള്‍ രാഷ്ട്ര ബാങ്ക് (എന്‍ആര്‍ബി) പരസ്യമാക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ രൂപ മൂന്നാമതൊരു രാജ്യത്ത് നിന്ന് നേപ്പാളിലേക്ക് കൊണ്ടുവരികയോ മൂന്നാമതൊരു രാജ്യത്തേക്ക് നേപ്പാളില്‍ നിന്ന് കൊണ്ടുപോകാനോ പറ്റില്ല.

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് വരുന്നവര്‍ക്ക് 25000 രൂപ വരെ കൈയ്യില്‍ കരുതാം. 100, 200, 500 രൂപ നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നതിന് ഇനി തടസമില്ല. സമാനമായ രീതിയില്‍ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കും ഇത്ര തന്നെ തുക കൈയ്യില്‍ കരുതാം. എന്നാല്‍ മൂന്നാമതൊരു രാജ്യത്തേക്ക് ഇന്ത്യന്‍ രൂപ നേപ്പാളില്‍ നിന്ന് കൊണ്ടുപോകാന്‍ പറ്റില്ല.
നേപ്പാളിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് എത്തുന്നത്. വ്യാപാരികളും നിരവധിയാണ്. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായതിനാല്‍ നിരവധി പേര്‍ക്ക് കുടുംബ ബന്ധങ്ങളും നേപ്പാളിലുണ്ട്. ഇവര്‍ക്കെല്ലാം ആശ്വാസമാണ് പുതിയ തീരുമാനം. നേപ്പാളില്‍ നിന്ന് ഇന്ത്യയില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികളും നിരവധിയാണ്. നേപ്പാള്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന രാജ്യം ഇന്ത്യയാണ്. ഇവര്‍ക്കെല്ലാം ആശ്വാസമാകുകയാണ് പുതിയ തീരുമാനം.
ഇന്ത്യയും നേപ്പാളും തമ്മില്‍ തുറന്ന അതിര്‍ത്തിയാണുള്ളത്. ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് ബസ് സര്‍വീസുണ്ട്. ട്രെയിന്‍, വിമാന സര്‍വീസുമുണ്ട്. അതേസമയം, മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നേപ്പാള്‍ കേന്ദ്ര ബാങ്ക് ഇളവ് നല്‍കുന്നുണ്ട്. വിദേശ സന്ദര്‍ശകര്‍ക്ക് 5000 ഡോളര്‍ കൈവശം വയ്ക്കുന്നതിന് അനുമതിയുണ്ട്. അല്ലെങ്കില്‍ തുല്യമായ അളവില്‍ മറ്റു കറന്‍സികള്‍ കരുതാം. തുക പരിധി കൂടിയാല്‍ കസ്റ്റംസിനെ അറിയിക്കണം.
ഇന്ത്യയില്‍ നേരത്തെ നിലവിലുണ്ടായിരുന്ന 500, 1000 നോട്ടുകള്‍ക്ക് നേപ്പാള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം 100 രൂപയ്ക്ക് മാത്രമായി അനുമതി ചുരുക്കി. ഇപ്പോള്‍ 200, 500 നോട്ടുകള്‍ക്ക് കൂടി അനുമതി ലഭിച്ചിരിക്കുകയാണ്. പഴയ 500 നോട്ടുകള്‍ക്ക് അനുമതിയില്ല. ഇടക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ നോട്ടുകള്‍ക്കും നേപ്പാള്‍ അനുമതി നല്‍കുന്നില്ല.


Click it and Unblock the Notifications