നേപ്പാളിൽ വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനിടെ, 18 മൃതദേഹങ്ങൾ കണ്ടെടുത്തു
കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു അപകടം. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. പോഖ്റയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ ജീവനക്കാരടക്കം 19 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം തകർന്ന സ്ഥലത്ത് നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തയാണ് ലഭിക്കുന്ന വിവരം.

അഗ്നിശമന സേനാംഗങ്ങൾക്കൊപ്പം പോലീസും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്നാണ് വിമാനത്തിന് തീപിടിച്ചതെന്ന് വിമാനത്താവള വക്താവ് എൻഡിടിവിയോട് പറഞ്ഞു.
ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപം പുകപടലങ്ങളും ഉയരുന്നതായി സ്ഥലത്തു നിന്നുള്ള വീഡിയോകൾ കാണാം. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല.എല്ലാ വശങ്ങളിലും ആഴത്തിലുള്ള മലയിടുക്കുകളാലും താഴ്വരകളാലും ചുറ്റപ്പെട്ട ഒരു പീഠഭൂമിയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ടേബിൾടോപ്പ് വിമാനത്താവളമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം.
2023ൽ യെതി എയർലൈൻസിൻ്റെ വിമാനം പൊഖാറയിൽ തകർന്നുവീണ് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 72 പേരും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications