ഇസ്രയേല്‍ പ്രധാനമന്ത്രിക്കെന്താ കൊമ്പുണ്ടോ..?? നെതന്യാഹു അഴിമതിക്കുരുക്കില്‍; പൊലീസ് ചോദ്യം ചെയ്തു
അഴിമതി ആരോപണത്തില്‍ കുടുങ്ങി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പൊലീസ് ചോദ്യം ചെയ്തു.
ജെറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഴിമതി ആരോപണത്തിന്റെ നിഴലില്‍. അഴിമതി കേസില്‍ ഇസ്രയേലി പൊലീസ് നെതന്യാഹുവിനെ ചോദ്യം ചെയ്തു. നിയമവിരുദ്ധമായി സമ്പന്നരായ വ്യവസായികളില്‍ നിന്നും സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
എന്നാല്‍ അഴിമതി ആരോപണം നിഷേധിച്ച് കൊണ്ട് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ഇതിനുമുന്‍പും ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

പ്രധാനമന്ത്രിയെ അഴിമതിക്കേസില്‍ ചോദ്യം ചെയ്തതായി ഇസ്രയേല്‍ പൊലീസ് വക്താവ് മിക്കി റോസന്‍ ഫെല്‍ഡും അറ്റോര്‍ണി ജനറല്‍ അവികെയ് മാന്‍ഡല്‍ബിറ്റും വ്യക്തമാക്കി. സംശയത്തിന്റെ പേരില്‍ മാത്രമാണ് നെതന്യാഹുവിനെ ചോദ്യം ചെയ്തതെന്ന് റോസന്‍ഫെല്‍ഡ് അറിയിച്ചു.

മൂന്ന് മണിക്കൂറോളമാണ് പൊലീസ് നെതന്യാഹുവിനെ ചോദ്യം ചെയ്തത്.ജെറുസലേമിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണം നടത്താന്‍ മാത്രമുള്ള പ്രാഥമിക തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ചോദ്യം ചെയ്യല്‍ സംബന്ധിച്ച മറ്റുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. മറ്റൊരു കേസില്‍ നെതന്യാഹുവിന്റെ ഭാര്യ സാറയേയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതേസമയം തനിക്കെതിരെയുള്ള അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാക്കി നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്.

തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ ഇത്തവണയും നിരാശരാകേണ്ടി വരുമെന്ന് പുതുവര്‍ഷദിനത്തില്‍ നെതന്യാഹു ഫേസ്ബുക്കില്‍ കുറിച്ചു. പതിവുപോലെ ഇത്തവണയും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം ഞാന്‍ തെറ്റുകാരനല്ല എന്നാണ് നെതന്യാഹുവിന്റെ ഫേസ്ബുക്ക പോസ്റ്റ്.

പ്രധാനമന്ത്രിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നവരെയും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നെതന്യാഹു വെല്ലുവിളിക്കുന്നു. പ്രധാനമന്ത്രിയെ ബാലറ്റ് ബോക്‌സിലൂടെ നീക്കം ചെയ്യാന്‍ നോക്കൂ. ജനാധിപത്യത്തിന്റെ വഴിയിലൂടെ എന്നാണ് നെതന്യാഹുവിന്റെ വെല്ലുവിളി.












Click it and Unblock the Notifications