നെതന്യാഹു യുഎന്‍ പൊതുസഭയില്‍ എത്തിയത് ക്യുആര്‍ കോഡ് അണിഞ്ഞ്; കൂക്കിവിളിയും ഇറങ്ങിപ്പോക്കും
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രസംഗത്തിനെതിരേ പ്രതിഷേധം. പ്രസംഗം ബഹിഷ്‌കരിച്ച് നിരവധി രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പോയി. നെതന്യാഹുവിന്റെ പ്രസംഗം സമ്മേളനത്തില്‍ പുരോഗമിക്കവേ ആയിരുന്നു നയതന്ത്രജ്ഞര്‍ യുഎന്‍ പൊതുസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. ചിലര്‍ കൂകി വിളിക്കുകയും ചെയ്തു. ഗാസയിലെ സൈനിക നടപടിയില്‍ ഇസ്രയേല്‍ ആഗോളതലത്തില്‍ ഒറ്റപ്പെടല്‍ നേരിടുന്ന സാഹചര്യത്തിലാണ് യുഎന്‍ സഭയിലും പ്രതിഷേധം ഉയര്‍ന്നത്.
അതിനിടെ ശ്രദ്ധേയമായ കാര്യം വസ്ത്രത്തില്‍ ക്യുആര്‍ കോഡ് പിന്‍ ധരിച്ചാണ് പ്രധാനമന്ത്രി നെതന്യാഹു യുഎന്‍ ജനറല്‍ അസംബ്ലിയില്‍ എത്തിയത് എന്നതാണ്. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണം ചിത്രീകരിക്കുന്ന വീഡിയോകളിലേക്ക് ആളുകളെ ക്യുആര്‍ കോഡ് ലിങ്ക് പോകുന്നത്.
ലോക നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഒത്തുചേരുമ്പോള്‍, ഇസ്രായേലിനു നേരെയുണ്ടായ ആക്രമണം വീണ്ടും ഓര്‍മിപ്പിക്കുക എന്നതായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം. ഇതുകൂടാതെ ബില്‍ബോര്‍ഡ് ട്രക്കുകള്‍, ഡിജിറ്റല്‍ സ്‌ക്രീനുകള്‍, യുഎന്‍ ആസ്ഥാനത്തിന് ചുറ്റുമുള്ള ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഒരേ സന്ദേശമാണ് പ്രദര്‍ശിപ്പിച്ചത് - 'ഒക്ടോബര്‍ ഏഴ് ഓര്‍മ്മിക്കുക' എന്നാണ് പ്രമദശിപ്പിച്ചതെന്ന് ദി ജെറുസലേം പോസ്റ്റ് ചെയ്തു.

ഗാസ യുദ്ധത്തിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് യുദ്ധക്കുറ്റക്കേസ് നേരിടുന്ന നേതാവാണ് നെതന്യാഹു. ഇസ്രായേല്‍ സൈന്യം ഗാസയിലെ ജോലി 'പൂര്‍ത്തിയാക്കുമെന്നും' 'എത്രയും വേഗം' അത് ചെയ്യുമെന്നും നെതന്യാഹു യുഎന്‍ പൊതുസഭയില്‍ പ്രഖ്യാപിച്ചു. അതേസമയം ട്രംപ് ഭരണകൂടം വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഒരു ദിവസം മുമ്പ് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പൊതുസഭയെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തിരുന്നു. പാലസ്തീനികള്‍ ഒരിക്കലും ഗാസ വിട്ടുപോകില്ലെന്നാണ് അബ്ബാസ് പറഞ്ഞത്.
അറബ്, മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള മിക്കവാറും എല്ലാ പ്രതിനിധികളുമാണ് പ്രസംഗത്തിനിടെ ഇറങ്ങിപ്പോയത്. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ചില യൂറോപ്യന്‍ രാജ്യങ്ങളിലെയും പ്രതിനിധികളും ഇറങ്ങിപ്പോയവരില്‍ ഉള്‍പ്പെടുന്നു. ലോക വേദിയില്‍ ഇസ്രയേല്‍ കൂടുതല്‍ ഒറ്റപ്പെടുന്നതിന് തെളിവായിരുന്നു ഈ വാക്ക്ഔട്ട്. യുഎസില്‍ നിന്നുള്ള പ്രതിനിധികള്‍ മാത്രമാണ് അവിടെ തുടര്‍ന്നത്. നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി മാത്രമാണ് സൗഹൃദമുള്ളത്. ട്രംപിനെ പുകഴ്ത്താനും നെതന്യാഹു മറന്നില്ല.
ഹമാസ് നേതാക്കളോട് കീഴടങ്ങാനും ആയുധങ്ങള്‍ താഴെയിടാനും ബന്ദികളെ മോചിപ്പിക്കാനും പ്രസംഗത്തില്‍ നെതന്യാഹു ആഹ്വാനം ചെയ്തു. 'ആയുധങ്ങള്‍ താഴെയിടൂ. എല്ലാ ബന്ദികളെയും ഇപ്പോള്‍ തന്നെ മോചിപ്പിക്കൂ... അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ജീവിക്കും. ഇല്ലെങ്കില്‍ ഇസ്രായേല്‍ നിങ്ങളെ വേട്ടയാടും' എന്നാണ് നെതന്യാഹു പറഞ്ഞത്.
പ്രസംഗത്തിന് മുന്നോടിയായി, ഗാസയ്ക്ക് ചുറ്റും ഉച്ചഭാഷിണികള്‍ സ്ഥാപിക്കാന്‍ നെതന്യാഹു നിര്‍ദേശപ്രകാരം ഇസ്രയേല്‍ സൈന്യം ഗാസയ്ക്ക് ചുറ്റും ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരുന്നു. തന്റെ വാക്കുകള്‍ ഗാസയിലുടനീളമുള്ള മൊബൈല്‍ ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാനും നെതന്യാഹു ഇസ്രായേലിന്റെ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തടവിലാക്കപ്പെട്ട ബന്ദികളോട് ഹീബ്രുവില്‍ സംസാരിച്ച നെതന്യാഹു 'ഞങ്ങള്‍ നിങ്ങളെ മറന്നിട്ടില്ല, ഒരു നിമിഷം പോലും' എന്നും പറഞ്ഞു.
'ഞങ്ങളെ പരസ്യമായി കുറ്റം വിധിക്കുന്ന പല നേതാക്കളും അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നിന്ന് ഞങ്ങള്‍ക്ക് നന്ദി പറയുന്നു. അവരുടെ തലസ്ഥാനങ്ങളില്‍ ഭീകരാക്രമണങ്ങള്‍ തടഞ്ഞതിന്. ഇസ്രായേലിന്റെ മികച്ച ഇന്റലിജന്‍സ് സേവനങ്ങളെ അവര്‍ എത്രമാത്രം വിലമതിക്കുന്നുവെന്ന് അവര്‍ പരോക്ഷമായി പറയുന്നു' - നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പൊതുസഭയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തിരുന്നു. എത്ര ദുരിതം അനുഭവിച്ചാലും പാലസ്തീനികള്‍ ഗാസ വിട്ടുപോകില്ലെന്ന് അബ്ബാസ് വ്യക്തമാക്കി.
അതേസമയം, പാശ്ചാത്യ രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനെയും നെതന്യാഹു വിമര്‍ശിച്ചു. ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളാണ് പാലസ്തീന്‍ എന്ന രാജ്യത്തെ അംഗീകരിച്ചു. ഇത് നെതന്യാഹുവിനെ ചൊടിപ്പിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ഭീകരതയ്ക്ക് ശേഷമാണ് ഇസ്രായേല്‍-ഹമാസ് പ്രശ്‌നം രൂക്ഷമായത്. 'പാലസ്തീന്‍ ജനസംഖ്യയുടെ ഏകദേശം 90 ശതമാനം പേരും ആ ദിവസം ഭീകരതയെ പ്രശംസിച്ചു. പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കള്‍ പലസ്തീനികള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അത് വളരെ വ്യക്തമാണ്; ജൂതന്മാരെ കൊല്ലുന്നത് ഫലം ചെയ്യും' - നെതന്യാഹു പറഞ്ഞു.












Click it and Unblock the Notifications