ഇസ്രായേലിൽ നെതന്യാഹുവിന് മുന്നേറ്റം, പക്ഷേ വിയർക്കും, കിംഗ് മേക്കറാകാൻ അറബ് പാർട്ടികൾ
ജെറുസലേം: നിര്‍ണായകമായ ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 60 ശതമാനത്തിനോട് അടുത്ത് വോട്ടെണ്ണി കഴിയുമ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു വിഭാഗത്തിന് മുന്നേറ്റം. ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യം 56 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പ്രധാന എതിരാളിയായ ഐസെന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി 49 സീറ്റുകളിലെ ലീഡുമായി തൊട്ട് പിറകിലുണ്ട്.
ഈ തിരഞ്ഞെടുപ്പില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്ന അറബ് പാര്‍ട്ടികള്‍ക്ക് നിലവില്‍ 16 സീറ്റുകളിലാണ് ലീഡ് ഉളളത്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ രാജ്യത്ത് റെക്കോര്‍ഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയിരുന്നത്.
ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നെതന്യാഹു സര്‍ക്കാരിനെ താഴെ ഇറക്കാന്‍ അറബ് വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ നെതന്യാഹുവിന് തിരിച്ചടി ഉണ്ടായേക്കും എന്നാണ് എക്‌സിറ്റ് പോളുകളിലെ അടക്കം പ്രവചനം. 120 അംഗ ഇസ്രായേല്‍ പാര്‍ലമെന്റില്‍ 61 സീറ്റുകളിലെ വിജയമാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

കേവല ഭൂരിപക്ഷം രണ്ട് പ്രധാന കക്ഷികള്‍ക്കും ലഭിച്ചില്ലെങ്കില്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. എന്നാല്‍ അറബ് പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തി ഇല്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.
ജൂത-സിയോണിസ്റ്റ് ഭൂരിപക്ഷം ഒരുമിക്കണമെന്നും ശക്തമായ വലതുപക്ഷ സര്‍ക്കാര്‍ വീണ്ടും വരണമെന്നും ജെറുസലേം കണ്‍വെന്‍ഷന്‍ സെന്ററികള്‍ പാര്‍ട്ടി അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ നെതന്യാഹു പറഞ്ഞു. അടുത്ത പാര്‍ലമെന്റില്‍ ലികുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നതെന്നും ഇറാനെതിരെ അമേരിക്കയോട് ഒപ്പം ചേര്‍ന്നുളള പോരാട്ടം തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലില്‍ ഇതുവരെയും ഒരു തിരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്ന പാര്‍ട്ടിക്ക് മുന്നിലുളള വഴി മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുക എന്നതാണ്. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത് 51 സീറ്റോളം നെതന്യാഹു വിഭാഗത്തിനും അതിനോട് അടുത്ത് തന്നെ ഐസെന്‍കോട്ട് വിഭാഗത്തിനും ലഭിച്ചേക്കും എന്നാണ്. 19 സീറ്റുകളോളം അറബ് പാര്‍ട്ടികള്‍ക്കും ലഭിച്ചേക്കും. ഇതാണ് അന്തിമ ഫലമെങ്കില്‍ അറബ് പാര്‍ട്ടികളുടെ സഹായത്തോടെ മാത്രമേ സര്‍ക്കാര്‍ രൂപീകരണം ഇസ്രായേലില്‍ സാധ്യമാവുകയുളളൂ.


Click it and Unblock the Notifications
