കമലാ ഹാരിസിനെ വെളുപ്പിച്ച് വോഗ് മാഗസിന്; വിവാദമായി മുഖചിത്രം
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ വൈസ്പ്രസിഡന്റ് കമലാ ഹാരിസിനെ മുഖചിത്രമാക്കി പുറത്തിറങ്ങിയ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍. ഇരുണ്ട നിറമുള്ള കമലയെ കൂടുതല്‍ വെളുപ്പിച്ചെന്നും വളരെ അനൗപചാരികമായ ഒരു പശ്ചാത്തലത്തില്‍ അവരെ അവതരിപ്പിച്ചുവെന്നുമാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വോഗ് നേരിടുന്ന വിമര്‍ശനം.
സത്യപ്രതിജ്ഞക്ക് മുന്നോടിയായി കമലയുടെ രണ്ട് ചിത്രങ്ങളാണ് വോഗ് സമൂഹ മാധ്യങ്ങളിലൂടെ പുറത്തുവിട്ടിട്ടുള്ളത്. ഒരു ചിത്രത്തില്‍ കറുത്ത നിറമുള്ള സ്യൂട്ടിലും, കോണ്‍വേര്‍സ് ഷൂവിലും മറ്റൊന്നില്‍ ഇളം നീല വസ്ത്രത്തിലും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലും ആണ് കമല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുണ്ട വംശജയായിത്തന്നെയാണ് കമലയെ ജനങ്ങള്‍ സ്വീകരിച്ചതെന്നും അവരെ കൂടുതല്‍ വെളുപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നുമാണ് വോഗിനെതിരെ തുടരുന്ന നെറ്റിസണ് പ്രതിഷേധങ്ങളില്‍ പ്രധാനപ്പെട്ടത്.
കമല ഹാരിസിന്റേത് മികച്ച ചിത്രം തന്നെ. എന്നാല്‍ അവര്‍ അസ്വസ്ഥരാണ്. അവരുടെ പോസില്‍ അധികാരത്തിന്റെയോ ആകര്ഷണീയതയുടേയോ ആയ ഒന്നും കാണുന്നില്ല ഒരു ട്വീറ്റില്‍ പറയുന്നു.
വോഗിന്റെ സാധാരണ നിലവാരം പോലും പുലര്‍ത്താത്ത കവര്ച്ചിത്രമെന്നും തിരക്കുപിടിച്ചെടുത്ത ജീവന് നഷ്ടപ്പെടുത്തിയ പോലെ എന്നുമൊക്കെയാണ് ചിത്രത്തെപ്പറ്റി കമന്റുകള്‍ നിറയുന്നത്.
ചിത്രത്തിനായൊരുക്കിയ പശ്ചാത്തലത്തെപ്പറ്റിയാണ് മറ്റ് ചിലരുടെ വിമര്‍ശനം. വിലക്ഷണവും അരോചകവുമായ പശ്ചാത്തലമെന്നും, പശ്ചാത്തലം ചിത്രത്തിന്റെ മൊത്തം സൗന്ദര്യവും നഷ്ടപ്പെടുത്തിയെന്നുമാണ് വിമര്‍ശനം. ഇതിനേക്കാള്‍ നന്നായി മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാമെന്നും ചിലര്‍ പരിഹസിക്കുന്നു.
അമേരിക്കയുടെ 14ാമത് വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കാനാണ് ഇന്ത്യന്‍ വംശജകൂടിയായ കമലാ ഹാരിസ് ഒരുങ്ങുന്നത്. അമേരിക്കയില്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് കമലാ ഹാരിസ്. ഇന്തോ ആഫ്രിക്കന്‍ വംശജയാണ് കമലാ ഹാരിസ്.
മമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണം