ചൈനയെ വീണ്ടും പിടിച്ചുലച്ച് കൊവിഡ് തരംഗം, 60 ശതമാനം ജനത്തെയും ബാധിച്ചേക്കാം, ആശങ്കയിൽ ലോകം
ബെയ്ജിംഗ്: കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈന വീണ്ടും കൊറോണ വൈറസിന്റെ പിടിയില്‍ അമരുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണവും മരണപ്പെടുന്നവരുടെ എണ്ണവും ഉയരുകയാണ് എന്നത് ചൈനയേയും ലോകത്തേയും വീണ്ടും ആശങ്കയിലാക്കുന്നതാണ്. ഡിസംബര്‍ 19ന് അഞ്ച് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ട് മുന്‍പുളള ദിവസം മരണ സംഖ്യ 2 ആയിരുന്നു. ഡിസംബര്‍ 3ന് ശേഷം ആദ്യമായാണ് രാജ്യത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ 18ന് രാജ്യത്ത് 1995 കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എങ്കില്‍ തൊട്ടടുത്ത ദിവസം 2722 ആയി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിന് എതിരെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം ഷി ജിന്‍ പിംഗ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ നീക്കം ചെയ്തത്.

നിയന്ത്രണങ്ങള്‍ നീക്കം ചെയ്തത് മുതല്‍ രാജ്യത്തെ ആശുപത്രികള്‍ കൊവിഡ് ലക്ഷണമുളള രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധനും ഹെല്‍ത്ത് എക്കോണമിസ്റ്റുമായ എറിക് ഫീഗല്‍ ഡിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചൈനയിലെ ജനസംഖ്യയുടെ 60 ശതമാനത്തിനും ലോകജനസംഖ്യയിലെ പത്ത് ശതമാനത്തിനും വരുന്ന മൂന്ന് മാസങ്ങള്‍ക്കുളളില്‍ കൊവിഡ് പടര്‍ന്ന് പിടിച്ചേക്കുമെന്നും ഡിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ മരണപ്പെടാമെന്നും ഇത് വെറും തുടക്കം മാത്രമാണ് എന്നും അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ട്.
ആര്‍ക്കൊക്കെ കൊവിഡ് ബാധിക്കുന്നോ, ബാധിക്കട്ടെ, ആരൊക്കെ മരിക്കുന്നോ മരിക്കട്ടെ. വേഗത്തില്‍ തന്നെ കൊവിഡ് ബാധയും മരണങ്ങളും സംഭവിച്ചാല്‍ വേഗത്തില്‍ തന്നെ ഉത്പാദനം പുനരാരംഭിക്കാം എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നത് എന്നും എറിക് ഫീഗല്‍ ഡിംഗ് കുറ്റപ്പെടുത്തി. നവംബര്‍ 19നും 23നും ഇടയിലുളള നാല് മരണങ്ങള്‍ അല്ലാതെ ബെയ്ജിംഗില്‍ മറ്റ് കൊവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. പുതിയ കൊവിഡ് തരംഗത്തെ കുറിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ബെയ്ജിംഗ് ദൊന്‍ജിയാവോ ശ്മശാനത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്കുളള ആവശ്യക്കാര്‍ ഏറി വരികയാണ് എന്നാണ് ജീവനക്കാരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് മരണങ്ങള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്ന് ഡിംഗ് പറയുന്നു. മോര്‍ച്ചറികളും ശീതീകരിച്ച കണ്ടൈനറുകളും നിറഞ്ഞിരിക്കുകയാണ്. 24 മണിക്കൂറും സംസ്്ക്കാരങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ് എന്നും 2020ലെ അവസ്ഥയിലേക്ക് വീണ്ടും ചൈന എത്തിയിരിക്കുകയാണ് എന്നും ഡിംഗ് പറയുന്നു. ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നതില്‍ പ്രതികരണവുമായി അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്. ചൈനയിലെ കൊവിഡ് തരംഗം വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രിന്‍സ് പ്രതികരിച്ചു. വൈറസിന് ഏത് സമയവും പുതിയ വകഭേദങ്ങളുണ്ടാവുകയും ലോകത്ത് എവിടെയുമുളള ആളുകളിലേക്ക് എത്തുകയും ചെയ്യാമെന്നും നെഡ് പ്രിന്‍സ് വ്യക്തമാക്കി.












Click it and Unblock the Notifications